ജെറ്റ് എയര്‍വേയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിനും ഭാര്യക്കും യാത്രാവിലക്ക്; ദുബായിലേക്ക് പുറപ്പെട്ട ഇരുവരെയും എയര്‍പോര്‍ട്ടില്‍ തടഞ്ഞു

മുംബൈ: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച
ജെറ്റ് എയര്‍വേയ്സിന്റെ മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനും വിദേശ യാത്രാവിലയ്ക്ക് ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച്ച ഉച്ചയോടെ വിദേശത്തേക്ക് പോകാന്‍ എമിറൈറ്റ് വിമാനത്തില്‍ കയറിയ ഇരുവരെയും എയര്‍ട്രാഫിക്ക വിഭാഗം തിരികെ ഇറക്കുകയായിരുന്നു. ഗോയല്‍ ഉള്‍പ്പെടെ എല്ലാ ജെറ്റ് എയര്‍വേയ്സ് സ്ഥാപകര്‍ക്കും വിലക്കേര്‍പ്പെടുത്തി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായിലേക്കുള്ള എമിറേറ്റ്സ് ഇകെ 507 വിമാനത്തിലാണ് നരേഷ് ഗോയലും ഭാര്യയും പോകാനിരുന്നത്.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്താന്‍ ഇടയായ പ്രതിസന്ധി സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അടുത്തിടെ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ചിരുന്നു. മാസങ്ങളായി ജീവനക്കാര്‍ക്ക് ജെറ്റ് എയര്‍വേയ്സ് കമ്പനി ശമ്പളം നല്‍കിയിട്ടില്ല എന്നും നരേഷ് ഗോയല്‍ അടക്കമുള്ളവരുടെ പാസ്പാര്‍ട്ട് പിടിച്ചുവയ്ക്കണമെന്നും കാണിച്ച് ജെറ്റ് എയര്‍വേയ്സ് ഓഫീസേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റെ കിരണ്‍ പവാസ്‌കര്‍ മുംബയ് പൊലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ മാസം കത്ത് നല്‍കിയിരുന്നു.

1.2 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 83,25,66,00,000 ഇന്ത്യന്‍ രൂപ) കടബാധ്യതയാണ് ജെറ്റ് എയര്‍വേയ്സിനുള്ളത്. സപ്ലയേര്‍സിനും പൈലറ്റുമാര്‍ക്കും എണ്ണ കമ്പനികള്‍ക്കും പണം നല്‍കാനുണ്ട്. പണം നല്‍കിയവര്‍ ജെറ്റ് എയര്‍വേയ്സിന്റെ ഓഹരികള്‍ വിറ്റ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വേയ്സ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. മാര്‍ച്ചില്‍ നരേഷ് ഗോയല്‍ ജെറ്റ് കമ്പനി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. നരേഷ് ഗോയലും അനിത ഗോയലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജി വച്ചു.

Jet Airwaysbusinessnaresh goyal
Comments (0)
Add Comment