ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കി. എന്‍.പി.ആറുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടത്തിയ പരാമർശമാണ് രേഖകളില്‍ നിന്ന് നീക്കിയത്. പ്രധാനമന്ത്രിയുടെ പരാമർശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നത് അപൂർവ നടപടിയാണ്. എന്‍.പി.ആറുമായി (ദേശീയ ജനസംഖ്യാ രജിസ്റ്റർ) ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലെ ജൂട്ട് (നുണ) എന്ന വാക്കാണ് രേഖകളില്‍ നിന്ന് നീക്കിയത്. പ്രതിപക്ഷത്തിനെതിരെയായിരുന്നു മോദിയുടെ പ്രസ്താവം.
അപൂർവ നടപടിക്രമമാണെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് ഇതിന് മുമ്പും നീക്കം ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിയുടെ തന്നെ പരാമർശമാണ് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തത്. 2018 ല്‍ കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെതിരായി നടത്തിയ പരാമർശമാണ് നീക്കം ചെയ്തത്.
പാർലമെന്റിൽ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ ഒരു വലിയ സമാഹാരം ഉണ്ട്. എല്ലാ വർഷവും പട്ടികയിൽ പുതിയ വാക്കുകൾ കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയുടെ പേര് ഇത്തരത്തില്‍ പാർലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ കൂട്ടത്തിലായിരുന്നു. 2015 ൽ അന്നത്തെ സ്പീക്കർ സുമിത്ര മഹാജനാണ് ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയില്‍ നിന്ന് ഈ പേര് ഒഴിവാക്കിയത്.