ഞാനിപ്പോഴും ചായയടിക്കാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Jaihind Webdesk
Monday, April 29, 2019

Narendra-Modi
രാജ്യം തൊഴില്‍നഷ്ടത്തിലും കര്‍ഷക ആത്മഹത്യകളിലും തകര്‍ന്ന സാമ്പത്തികാവസ്ഥയിലും പെട്ടുഴലുമ്പോഴും വീട്ടിലെ ചായയടിയും മാങ്ങകഴിക്കലും പറഞ്ഞ് അഭിമുഖം കൊടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്ഷയ്കുമാറിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ മാങ്ങപ്രേമത്തെക്കുറിച്ച് വാചാലനായ മോദി ആജ്തക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇപ്പോഴും തുടരുന്ന ചായയിടല്‍ ശീലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
വീട്ടിലിരിക്കുമ്പോള്‍ ഇപ്പോഴും ചായയടിക്കാറുണ്ടെന്ന് പ്രധാനമന്ത്രി ഇടയ്ക്ക് വീട് വൃത്തിയാക്കുകയും ചെയ്യുമെന്ന മോദിയുടെ വെളിപ്പെടുത്തലില്‍ മൂക്കത്ത് വിരല്‍വെയ്ക്കുകയാണ് പ്രേക്ഷകര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ്് രാജ്യമെമ്പാടും പുരോഗമിക്കുമ്പോള്‍ വിവിധ നേതാക്കള്‍ എല്ലാ അഭിമുഖങ്ങളിലും രാഷ്ട്രീയമാണ് സംസാരിക്കാറ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് അനുവദിക്കുന്ന അഭിമുഖങ്ങളില്‍ രാഷ്ട്രീയത്തിലേറെ ബാല്യകാല സ്മരണകളും വ്യക്തിജീവിതത്തിലെ മുഹൂര്‍ത്തങ്ങളും തുറന്നു പറഞ്ഞ് പരിഹാസ്യനാകുകയാണ് പ്രധാനമന്ത്രി മോദി.

താന്‍ ഇപ്പോഴും ചായ ഉണ്ടാക്കാറുണ്ടെന്നും അതു പറയുമ്പോള്‍ ആളുകള്‍ക്ക് അമ്പരപ്പാണ് ഉണ്ടാകുന്നതെന്നും മോദി പറഞ്ഞു. വീട്ടിലിരിക്കുമ്പോള്‍ തനിക്ക് വേണ്ട ചായ ഇപ്പോഴും ഉണ്ടാക്കുന്നുണ്ട്. കിച്ച്ഡി തനിക്ക് ഏറെ ഇഷ്ടമാണെന്ന് മോദി പറഞ്ഞു. വീട്ടിലിരിക്കുമ്പോള്‍ കിച്ച്ഡിയും തനിയെ പാചകം ചെയ്യും. പണ്ട് രാവിലെ നാലരയ്‌ക്കോ അഞ്ച് മണിയ്‌ക്കോ ആയിരിക്കും എഴുന്നേല്‍ക്കുന്നത്. തുടര്‍ന്ന് എല്ലാവര്‍ക്കും ചായയുണ്ടാക്കുക, വീട് വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യും. താന്‍ പണ്ട് പ്രഭാതഭക്ഷണവും തനിയെ ഉണ്ടാക്കുമായിരുന്നെന്നും മോദി പറഞ്ഞു.

മുന്‍പ് അക്ഷയ് കുമാറിന് നല്‍കിയ അഭിമുഖത്തിലും രാഷ്ട്രീയത്തെക്കാളേറെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ച് മോദി ശ്രദ്ധ നേടിയിരുന്നു.