പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമില്ല; പാത്രം കൊട്ടാനും വിളക്ക് തെളിയിക്കാനും പറഞ്ഞ് മോദി ജനങ്ങളെ പരിഹസിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, April 3, 2020

Mullapaplly-Ramachandran

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം ചെയ്യുന്നതിന് പകരം ഫാസിസ്റ്റ് രീതിയിലുള്ള വിലകുറഞ്ഞ പ്രഹസനം നടത്തി ജനശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രിയില്‍ നിന്നും രാജ്യം കേള്‍ക്കാനാഗ്രഹിച്ചത്. കൊവിഡ് രോഗനിര്‍ണയത്തിനാവശ്യമായ കിറ്റുകള്‍ പോലും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് അവസ്ഥ. അവ ഉറപ്പാക്കുന്നതിനോ വെല്ലുവിളികളെ അതിജീവിച്ച് രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിപുലപ്പെടുത്തുന്നത് സംബന്ധിച്ചോ ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞില്ല എന്നത് നിര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡിനെ തുടര്‍ന്ന് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തല്‍, പട്ടിണി പാവങ്ങളായ നിത്യവൃത്തിക്കാര്‍ക്ക് ആശ്വാസം തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതിന് പകരമായി പാത്രം കൊട്ടാനും വിളക്ക് തെളിയിക്കാനും പറയുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.