ജി.എസ്.ടി: ബി.ജെ.പി പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ഉത്തരം മുട്ടി മോദി

Jaihind Webdesk
Friday, December 21, 2018

നികുതി ഘടനയിലെ അപാകത ചൂണ്ടിക്കാട്ടിയ പുതുച്ചേരിയിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. 2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാജ്യത്താകമാനം ബി.ജെ.പിയുടെ ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള മോദിയുടെ സംവാദത്തിനിടയായിരുന്നു സംഭവം. എന്റെ ബൂത്ത് ഏറ്റവും ശക്തമായത് എന്ന പരിപാടിക്കിടെ പുതുച്ചേരിയില്‍ നിന്നുള്ള പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് കൃത്യമായ ഉത്തരം നല്‍കാതെ മോദി ഒഴിഞ്ഞു മാറിയത്.

നിര്‍മ്മല്‍ കുമാര്‍ ജെയിന്‍ എന്ന പ്രവര്‍ത്തകനാണ് പൊതുസമൂഹത്തിലെ മധ്യവര്‍ഗക്കാരുടെ നികുതിഭാരം ഉര്‍ത്തിക്കാട്ടുന്ന ചോദ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഐ.ടി വിഭാഗം, ബാങ്ക് ലോണുകളുടെ പ്രക്രിയകള്‍, ബാങ്ക് സേവനങ്ങളുടെ ഫീസ് എന്നിവയെ നികുതിയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന രാജ്യത്തെ മധ്യവര്‍ഗ വിഭാഗങ്ങളുടെ നികുതിഘടനയില്‍ ഇളവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനൊന്നും കൃത്യമായ മറുപടി നല്‍കാന്‍ മോദി തയ്യാറായില്ല.

വ്യവസായിക ലോകത്തു നിന്നുള്ള താങ്കള്‍ അവരുടെ പ്രശ്‌നങ്ങളാണ് പറയുന്നതെന്നും താന്‍ ജനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണെന്നുമായിരുന്നു മോദിയുടെ പ്രതികരണം.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരെഞ്ഞെടുപ്പിലേറ്റ തിരിച്ചടി നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെ അപക്വമായ നടപ്പാക്കലിന്റെയും ഭാഗമായി ഉണ്ടായതാണെന്ന ബി.ജെ.പിക്കെതിരായ വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് മോദി നികുതി ഘടന സംബന്ധിച്ച സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയത്. സംവാദത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മോദിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.