ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പ്രധാനമന്ത്രി; മോദിയുടെ ‘ആദ്യ വാര്‍ത്താസമ്മേളനം’ പ്രഹസനം

Jaihind Webdesk
Friday, May 17, 2019

 

Modi Shah

പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം പത്രസമ്മേളനത്തിന് നരേന്ദ്ര മോദിയും എത്തിയപ്പോള്‍ രാജ്യം കാത്തത് ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്. എന്നാല്‍ ഒരു ചോദ്യത്തിന് പോലും മറുപടി പറയാതെ മോദി ഒഴിഞ്ഞുമാറുകയായിരുന്നു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും ചോദ്യങ്ങൾക്ക് പാർട്ടി പ്രസിഡന്‍റ് മറുപടി പറയുമെന്നും പറഞ്ഞാണ് പ്രധാനമന്ത്രി തടിയൂരിയത്.

പഠിച്ച് പറയും പോലെ ഏതാനും വാചകങ്ങളില്‍ പ്രധാനമന്ത്രി തന്‍റെ സംഭാഷണം ചുരുക്കി. ഒരു ചോദ്യത്തിനു പോലും മറുപടി പറയാതെ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.   ക്രിയാത്മകമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നും കൃത്യമായി ആസൂത്രണം ചെയ്താണ് പ്രചാരണം നടത്തിയതെന്നും മോദി പറഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയപ്പോഴേക്കും അമിത് ഷാ മറുപടി പറയുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു.