മോദി സിനിമക്ക് പിന്നാലെ നമോ ടി.വിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

webdesk
Wednesday, April 10, 2019

Namo-TV

പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ‘പി.എം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ മോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച ‘നമോ ടി.വി’ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലക്ക്. ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് തെരഞ്ഞടുപ്പ് കമ്മിഷന്‍റെ നടപടി.

അപേക്ഷ പോലും നൽകാതെ മാര്‍ച്ച് 31 മുതലായിരുന്നു നമോ ടി.വി സംപ്രേഷണം തുടങ്ങിയത്.  അനുമതിയില്ലാതെ ചാനൽ സംപ്രേഷണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചാനലിലൂടെ മോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും ഒക്കെയാണ് സംപ്രേഷണം ചെയ്തിരുന്നത്.