ഉത്തര്‍പ്രദേശ്: നോയിഡയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലഘുഭക്ഷണം വിതരണം ചെയ്ത് ബി.ജെ.പി. നമോ എന്ന് ആലേഖനം ചെയ്ത കാവി നിറത്തിലുള്ള ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. ഗൌതം ബുദ്ധ് നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരെയാണ് ലഘുഭക്ഷണത്തിലൂടെ സ്വാധീനിക്കാന്‍ ശ്രമം നടന്നത്. തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.
നമോ എന്നത് എന്നത് കമ്പനിയുടെ പേരാണെന്നാണ് ഇതിന് വിശദീകരണമായി ഭക്ഷണപ്പൊതി വിതരണം ചെയ്തവര്‍ പറയുന്നത്. എന്നാല്‍ നമോ എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാംപെയ്നുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വെങ്കടേശ്വര്‍ ലു റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന് ബി.ജെ.പിയുമായും നരേന്ദ്ര മോദിയുമായും ബന്ധമുണ്ടോ എന്നത് അന്വേഷിക്കുമെന്ന് ഗൌതം ബുദ്ധ് നഗര്‍ എസ്.എസ്.പി വൈഭവ് കൃഷ്ണ അറിയിച്ചു.
പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണിതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സംഭവത്തില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി.
വോട്ടെടുപ്പില്‍ തെരഞ്ഞെടുപ്പ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇന്ന് ഉയര്‍ന്നിരുന്നത്. കശ്മീരിലെ പൂഞ്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനുള്ള ബട്ടണ്‍ പ്രവര്‍ത്തിച്ചിരുന്നില്ല.നാലാമത്തെ ബട്ടണായിരുന്നു കോണ്‍ഗ്രസിന് എന്നാല്‍ ഈ ഒരു ബട്ടണ്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു. ഇതുസംബന്ധിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ബട്ടണ്‍ പ്രവര്‍ത്തിക്കാത്തതിന്‍റെ കാരണം അറിയില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ മറുപടി. കൂടാതെ ഉത്തര്‍പ്രദേശിലും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ബി.എസ്.പിക്ക് വോട്ടുകള്‍ ചെയ്യുമ്പോള്‍ പതിയുന്നത് താമര ചിഹ്നത്തിലാണെന്നും പരാതി ഉയര്‍ന്നിരുന്നു.