ഇറാഖിൽ കുടുങ്ങിയ നഴ്സുമാരുടെ മോചനവും അവര്‍ അനുഭവിച്ച വേദനയുടെയും കഥ പറഞ്ഞ സിനിമയാണ് ടേക്ക് ഓഫ്. ഈ ചിത്രത്തിന്‍റെ താങ്ക്‌സ് കാര്‍ഡില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയെ ബന്ധപ്പെട്ടപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്‍റോ ജോസഫ്. തന്‍റെ പേര് വെക്കുന്നതിന് കുഴപ്പമില്ലെന്നും പക്ഷേ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജിന്‍റെ പേരാണ് ആദ്യം വരേണ്ടതെന്നും അതിന് ശേഷം മാത്രമേ തന്‍റെ പേര് വരാവൂ എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടിയെന്നും ആന്‍റോ ജോസഫ് ഓര്‍ക്കുന്നു. സുഷമ സ്വരാജിന്‍റെ സഹായം ഇല്ലായിരുന്നെങ്കില്‍ നമ്മുടെ നഴ്‌സുമാരെ രക്ഷപ്പെടുത്താന്‍ ആകില്ലായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആ അനുഭവം ആന്‍റോ ജോസഫിന്‍റെ വാക്കുകളില്‍ …
ഞാന്‍ നിര്‍മ്മിച്ച ‘ടേക്ക് ഓഫ്’ സിനിമ പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയായിരുന്നു. ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ടു പോയ മലയാളി നഴ്സുമാരെ മോചിപ്പിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിന്‍റെ പേര് സിനിമയ്ക്ക് മുമ്പ് കാണിക്കുന്ന താങ്ക്‌സ് കാര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് തോന്നി. അദേഹത്തെ വിളിച്ച് അനുവാദം ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു ‘എന്‍റെ പേര് വെക്കുന്നതില്‍ കുഴപ്പമില്ല, പക്ഷെ ആദ്യം നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പേരാണ് വെക്കേണ്ടത്. അതിനു താഴെയേ എന്റെ പേര് വരാവൂ’.
എനിക്ക് അത്ഭുതം തോന്നി, എതിര്‍ പാര്‍ടിക്കാരിയായ കേന്ദ്ര മന്ത്രിയുടെ പേര് ആദ്യം വരണമെന്ന് ഉമ്മന്‍ചാണ്ടി സര്‍ വാശിപിടിക്കുന്നത് എന്തിനാണ് ? തിരക്കിയപ്പോള്‍ അതിനുള്ള കാരണം അദ്ദേഹം പറഞ്ഞുതന്നു. നമ്മുടെ നഴ്സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് സുഷമാ സ്വരാജിന്റെ കഠിന പ്രയത്‌നം മൂലമായിരുന്നു. നഴ്സുമാരുടെ മോചനത്തിനായി പരിശ്രമിക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ ഡല്‍ഹിയില്‍ ചെന്നതു തൊട്ട് ഒപ്പം നിന്ന് കാര്യങ്ങള്‍ നടത്തിക്കൊടുത്തത് അവരായിരുന്നു. അവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ നഴ്സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയില്ലായിരുന്നു.
മോചനം ഉറപ്പാക്കിയ ശേഷം നഴ്‌സുമാരെ ഇറാക്കില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും പ്രത്യേക വിമാനത്തില്‍ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ടതിന്റെ തലേ ദിവസം അര്‍ദ്ധരാത്രി വിവരം കിട്ടി, പ്രത്യേക വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങാന്‍ അനുമതിയായിട്ടില്ലെന്ന്. അതറിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ ആകെ പരിഭ്രാന്തനായി.
കാരണം, അടുത്ത ദിവസം നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയെത്തുമെന്നുള്ളത് അവരുടെ ബന്ധുക്കളുള്‍പ്പെടെ എല്ലാവരെയും അറിയിച്ചുകഴിഞ്ഞിരുന്നു. അവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ കൊച്ചിയില്‍ എത്തിക്കഴിഞ്ഞിരുന്നു. ഗത്യന്തരമില്ലാതെ അര്‍ദ്ധരാത്രി ഒന്നര മണിക്ക് സുഷമ സ്വരാജിനെ വിളിച്ചു. ആ സമയത്തു പോലും അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. ഒട്ടും ഭയക്കേണ്ട, നേരത്തെ നിശ്ചയിച്ച സമയത്തുതന്നെ നഴ്സുമാര്‍ കൊച്ചിയില്‍ ഇറങ്ങിയിരിക്കും. അതങ്ങനെ തന്നെ സംഭവിച്ചു. സുഷമാ സ്വരാജിന്റെ ഇടപെടല്‍ കൊണ്ട് നമ്മുടെ നഴ്‌സുമാര്‍ കൃത്യ സമയത്തുതന്നെ കൊച്ചിയിലെത്തി.
അര്‍ദ്ധരാത്രിയിലും സ്വന്തം ജനതയുടെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ച നമ്മുടെ പ്രിയ നേതാവ് യാത്രയായിരിക്കുന്നു. എന്റെയും ടേക്ക് ഓഫ് ടീമിന്റെയും ഹൃദയത്തില്‍ നിന്ന് ആയിരം ആദരാഞ്ജലികള്‍.