പത്മഭൂഷൺ നല്‍കി ആദരിക്കാന്‍ രാജ്യത്തിന് നമ്പി നാരായണന്‍ നല്‍കിയ സംഭാവനയെന്താണെന്നുള്ള ടി പി സെന്‍കുമാറിന്‍റെ ചോദ്യത്തിന് മറുപടിയുമായി നമ്പി നാരായണന്‍. പരാതിയുണ്ടെങ്കിൽ കോടതിയിൽ പറയണമെന്നും ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താൻ കൊടുത്തിരിക്കുന്ന കേസിൽ സെൻകുമാർ പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു. സെൻകുമാറിന് കോടതിവിധി മനസിലാക്കിട്ടില്ലെന്നും ആരോപണങ്ങള്‍ അപ്രസക്തമാണെന്നും നമ്പി നാരായണന്‍ പറഞ്ഞു. പൊലീസിന്‍റെ വീഴ്ചകൾ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നതെന്നും സെൻകുമാറിന്‍റെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും നമ്പി നാരായണൻ പ്രതികരിച്ചു.
പത്മ പുരസ്‌കാരം നല്‍കി ആദരിക്കപ്പെടാൻ നമ്പി നാരായണൻ എന്ത് സംഭാവനയാണ് നൽകിയതെന്നും എന്ത് യോഗ്യതയാണ് നമ്പിനാരായണനുള്ളതെന്നും ടി.പി. സെൻകുമാർ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. അവാര്‍ഡിന് പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്തവര്‍ തന്നെ ഇതില്‍ വിശദീകരണം നല്‍കണമെന്നും ഐഎസ്ആര്‍ഒ ചാരക്കേസ് സുപ്രീം കോടതി നിയോഗിച്ച സമിതി പരിഗണിക്കുന്ന ഈ ഘട്ടത്തില്‍ എന്തിനാണ് അംഗീകാരമെന്നും അദ്ദേഹം ചോദിച്ചു.
ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞന്‍ മാത്രമാണ് നമ്പി നാരായണണെന്നും സാധാരണ ഗതിയില്‍ ശാസ്ത്രജ്ഞര്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ അവര്‍ നല്‍കിയ സംഭാവന വിശദീകരിക്കുമെങ്കിലും നമ്പി നാരായണന്‍റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ഇത്തവണ അവാര്‍ഡിന് പരിഗണിക്കാന്‍ വിട്ടുപോയ ഗോവിന്ദചാമിക്കും മറിയം റഷിദയ്ക്കും അടുത്ത വര്‍ഷം പത്മവിഭൂഷണ്‍ നല്‍കണമെന്നും സെന്‍കുമാര്‍ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് നമ്പി നാരായണന്‍ രംഗത്തെത്തിയത്.