‘ജലീലിന്‍റേത് മലർപൊടിക്കാരന്‍റെ പാഴ്കിനാവുകൾ, കമ്മ്യൂണിസ്റ്റ്‌ രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി’

Jaihind Webdesk
Sunday, August 8, 2021

തിരുവനന്തപുരം : കെ.ടി ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി നജീബ് കാന്തപുരം. ജലീലിന്‍റെ കിനാവുകളെല്ലാം മലര്‍പ്പൊടിക്കാരന്‍റെ പാഴ്കിനാവുകള്‍ മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജലീൽ തുള്ളാൻ പറയുമ്പോൾ തുള്ളുകയും ചാടാൻ പറയുമ്പോൾ ചാടുകയും ചെയ്യുന്ന വ്യക്തികളും പാർട്ടികളുമുണ്ടാകും. അത്‌ മുസ്ലിംലീഗിൽ നടക്കാത്തത്‌ കൊണ്ടല്ലെ ജലീലിന്‌ പാർട്ടി വിടേണ്ടിവന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി മാത്രമാണ്‌ കെ.ടി ജലീലെന്നും അദ്ദേഹം വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

എത്ര കാലമായി കെ.ടി ജലീൽ ചൂണ്ടയുമായി ഇറങ്ങിയിട്ട്‌..
അധികാരവും പദവികളുമെല്ലാം കയ്യിലുണ്ടായിട്ടും എത്ര മുസ്ലിം ലീഗുകാർ അതിൽ കൊത്തിയിട്ടുണ്ട്‌?
എന്നിട്ടാണോ ഇപ്പോൾ. ജലീൽ അച്ചാരം വാങ്ങിയത്‌ ഒരേയൊരു കച്ചവടത്തിനാണ്‌. ലീഗ്‌ പൊളിക്കാനുള്ള ക്വട്ടേഷൻ. അതിന്‌ വേണ്ടി പറഞ്ഞ പച്ചക്കള്ളങ്ങൾ ന്യായീകരിക്കാൻ ഖുർ ആനും ഹദീസും എത്ര നിരത്തി.
ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി മാത്രമാണ്‌ കെ.ടി ജലീൽ. മുസ്ലിം സമുദായം ആ സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്‌. പൊതു സമൂഹം അതിനേക്കാൾ മനസ്സിലാക്കിയിട്ടുണ്ട്‌.
ഏത്‌ സംഘടനയെയും തകർക്കാൻ അതിന്റെ മുൻനിരയിലുള്ളവരെ വീഴ്ത്തുകയാണ്‌ പ്രധാനം.
കെ.ടി ജലീലിന്‌ കുറെ കിനാവുകളുണ്ട്‌. അത്‌ വെറും മലർപൊടിക്കാരന്റെ പാഴ്കിനാവുകൾ മാത്രമാണ്‌. ജലീൽ തുള്ളാൻ പറയുമ്പോൾ തുള്ളുകയും ചാടാൻ പറയുമ്പോൾ ചാടുകയും ചെയ്യുന്ന വ്യക്തികളും പാർട്ടികളുമുണ്ടാകും.
അത്‌ മുസ്ലിം ലീഗിൽ നടക്കാത്തത്‌ കൊണ്ടല്ലെ ജലീലിന്‌ പാർട്ടി വിടേണ്ടി വന്നത്‌?
അകത്ത്‌ നിന്ന് കഴിയാത്തത്‌ പുറത്ത്‌ നിന്ന് ചെയ്യാനായി പിന്നെ ശ്രമം .
ജലീൽ എം.എൽ. എ ആയിട്ടുണ്ട്‌. മന്ത്രിയായിട്ടുണ്ട്‌. ഇനിയുമാവാം.
ആധുനിക കേരളം നിലവിൽ വന്ന ശേഷം മന്ത്രിമാരായ എത്ര പേരെ നമുക്കറിയാം?
ഇതൊക്കെയും പിന്നിട്ട്‌ വന്ന പാരമ്പര്യമുള്ള ഒരു പാർട്ടിയോടാണോ ഈ കളി..
കളിക്കാരേ, നിങ്ങൾ വേറെ ഗ്രൗണ്ട്‌ നോക്കിക്കോളൂ..
ഈ പാർട്ടിയും അതിന്റെ പ്രവർത്തകരും വേറെ ലെവലാണ്‌..