‘എന്‍എസ്എസിന്‍റെ ആവശ്യത്തെ നിസാരവത്ക്കരിച്ചു’; ഷംസീറിന്‍റെ പരാമർശത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ നായർ സർവീസ് സൊസൈറ്റി

 

കോട്ടയം: സ്പീക്കർ എ.എൻ. ഷംസീറിനെതിരെ കടുത്ത പ്രതിഷേധ നടപടികൾക്കൊരുങ്ങി എൻഎസ്എസ്. ഓഗസ്റ്റ് രണ്ട് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. എൻഎസ്എസ് കരയോഗ അംഗങ്ങൾ ഗണപതി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനയും വഴിപാടും നടത്തണമെന്ന് എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റുമാർക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർദ്ദേശം നൽകി. ഷംസീർ മാപ്പു പറയണമെന്ന ആവശ്യം ബന്ധപ്പെട്ടവർ നിസാരവത്ക്കരിച്ചതില്‍ കടുത്ത പ്രതിഷേധം ഉണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി അറിയിച്ചു.

ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍എസ്എസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹൈന്ദവരുടെ ആരാധന മൂര്‍ത്തിക്കെതിരായ ഷംസീറിന്‍റെ വിമര്‍ശനം സ്പീക്കര്‍ പദവിക്ക് യോജിച്ചതല്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അർഹനല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്പീക്കർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ ആവശ്യം സിപിഎം തള്ളി. മിത്തുകളെ ചരിത്രത്തിന്‍റെ ഭാഗമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി. സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതോടെയാണ് എൻഎസ്എസ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെയാണ് സിപിഎമ്മുമായിട്ട് തുറന്ന പോരിന് എൻഎസ്എസ് തുടക്കമിട്ടത്.

ഓഗസ്റ്റ് രണ്ട് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എൻഎസ്എസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഗണപതി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും വഴിപാടും കരയോഗം അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തണമെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കരയോഗം പ്രസിഡന്‍റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എൻഎസ്എസിന്‍റെ ആവശ്യങ്ങൾ ബന്ധപ്പെട്ട ആളുകൾ നിസാരവൽക്കരിച്ചുവെന്നും ഇതിൽ തങ്ങൾക്ക് കടുത്ത പ്രതിഷേധം ഉണ്ടെന്നും എൻഎസ്എസ് വ്യക്തമാക്കി.

Comments (0)
Add Comment