നാഗഞ്ചേരി പള്ളി തര്‍ക്കം : ഓർത്തഡോക്‌സ് സംഘത്തെ യാക്കോബായ വിഭാഗം തടഞ്ഞു

Jaihind Webdesk
Wednesday, March 20, 2019

നാഗഞ്ചേരി സെന്‍റ് ജോർജ് ഹെബ്രോൻ യാക്കോബായ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗം വികാരിയെയും വിശ്വാസികളെയും യാക്കോബായ വിഭാഗം തടഞ്ഞു. പതിനെട്ടംഗ ഓർത്തഡോക്‌സ് സംഘത്തെയാണ് യാക്കോബായ വിഭാഗം തടഞ്ഞത്.

1934 ലെ ഭരണഘടനയനുസരിച്ച് പള്ളികൾ ഭരിക്കണമെന്ന കോടതി ഉത്തരവിന്റെയടിസ്ഥാനത്തിലാണ് ഇവരെ തടഞ്ഞത്. രാവിലെ 9.30 ഓടെ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലെത്തിയ ഇവരെ നൂറ് കണക്കിന്ന് യാക്കോബായ വിശ്വാസികൾ പള്ളിയുടെ പ്രധാന കവാടത്തിൽ തടയുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പെരുമ്പാവൂർ ഡി.വൈ.എസ്.പി ജി.വേണുവിന്‍റെ നേതൃത്വത്തിൽ കുറുപ്പുംപടി, പെരുമ്പാവൂർ, തടിയിട്ട പറമ്പ് സി.ഐമാരും നൂറ് കണക്കിന് പോലീസും പള്ളിക്ക് ചുറ്റും നിലയുറപ്പിച്ചിരുന്നു. എണ്ണൂറോളം യാക്കോബായ കുടുംബങ്ങളാണ് യാക്കോബായ വിഭാഗം പള്ളി ഇടവകയിൽ ഉള്ളത്. 15 കുടുംബങ്ങളാണ് ഇടവകയിൽ ഓർത്തഡോക്‌സ് വിഭാഗത്തിനുള്ളത്. പുറത്ത് നിന്ന് വൈദികർ എത്തിയാൽ പള്ളിയിൽ കയറ്റില്ലന്നും, ഇടവകയിലുള്ള ഓർത്തഡോക്‌സ് വിഭാഗത്തിന് പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിൽ തടസ്സമില്ലെന്നുമാണ് യാക്കോബായ വിശ്വാസികൾ പറയുന്നത്. രണ്ട് മണിക്കൂറോളം പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ച ഓർത്തഡോക്‌സ് വിഭാഗം വൈദികരും സംഘവും കോടതി വിധി നടപ്പിലായി കിട്ടുന്നതിന്ന് ഏതറ്റംവരെ പോകുമെന്ന് പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു.[yop_poll id=2]