പാർലമെന്‍റിനെ പ്രക്ഷുബ്ധമാക്കി നാഗാലാന്‍ഡ് വെടിവെപ്പ്; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

 

ന്യൂഡല്‍ഹി : പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി നാഗാലാന്‍ഡ്  വെടിവെപ്പ്. രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരിയാണ് ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തുമെന്ന് സ്പീക്കര്‍ ഓംബിര്‍ള അറിയിച്ചു. സ്വന്തം പൗരന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ച വേണമെന്നും അതിന് ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞ ശേഷം മറ്റ് നടപടികൾ മതിയെന്നും പ്രതിപക്ഷം നിലപാടെടുത്തു.

വിഷയത്തില്‍ ചർച്ച ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിഷേധം ഉയർത്തി. മല്ലികാർജുൻ ഖാർഗെയാണ് വിഷയം ഉന്നയിച്ചത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ ആദ്യം 12 മണിവരെയും പിന്നീട് 2 മണിവരെയും നിര്‍ത്തിവെച്ചു. അതേസമയം രാജ്യസഭയിൽ സസ്പെഷൻ നേരിടുന്ന 12 അംഗങ്ങൾ ഇന്നും പാര്‍ലമെന്‍റ് കവാടത്തിൽ ധര്‍ണ്ണ നടത്തി.

നാഗാലാന്‍ഡിലെ ഗ്രാമീണര്‍ക്ക് നേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തില്‍ 12 നാട്ടുകാരും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവം ഹൃദയഭേദകമെന്നും പൗരന്മാര്‍ സ്വന്തം നാട്ടില്‍ കൊലചെയ്യപ്പെടുമ്പോള്‍ ആഭ്യന്തരമന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

Comments (0)
Add Comment