‘എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ നിഗൂഢത’ : കെ.സി. വേണുഗോപാല്‍

 

തിരുവനന്തപുരം: എഡിജിപി-ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ നിഗൂഢതയുണ്ടെന്ന് കെ.സി. വേണുഗോപാല്‍. സര്‍ക്കാരും മുഖ്യമന്ത്രിയും വിശ്വാസമര്‍പ്പിക്കുന്ന ഉദ്യോഗസ്ഥനാണ് എഡിജിപിയെന്നും സിപിഐഎം എന്തുകൊണ്ടാണ് ഇത് ലളിതമായി എടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. എന്തായിരുന്നു ഡീല്‍ എന്ന് തുറന്നുപറയണം. സര്‍ക്കാരിനും സിപിഐഎമ്മിനും എന്തോ ഒളിക്കാനുണ്ട്. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് നിര്‍ഭാഗ്യകരം. സുതാര്യത ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയായിരുന്നു. എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നത് ദുരൂഹമാണെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

മുകേഷിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. അത് അതത് പാര്‍ട്ടികളുടെ ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യമാണെന്നായിരുന്നു പ്രതികരണം. തൃശൂര്‍ പൂരം കലക്കിയതില്‍ അന്വേഷണ രീതി തന്നെ തെറ്റെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. പൂരത്തിന്‍റെ പൂര്‍ണ്ണ ചുമതല എഡിജിപിക്കായിരുന്നു. അയാള്‍ തന്നെ അന്വേഷണം നടത്തിയാല്‍ അത് എങ്ങനെയാണ് ശരിയാവുന്നത്. സര്‍ക്കാര്‍ ചെയ്തത് തെറ്റായ കാര്യമാണ്. പോലീസില്‍ സംഘപരിവാര്‍വല്‍ക്കരണം ഉണ്ടെന്ന് ആദ്യം പറഞ്ഞത് സിപിഐ ആണ്. വയനാട്ടിലെ മുന്‍ സിപിഐ സ്ഥാനാര്‍ത്ഥി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. സാധാരണഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് വരാന്‍ കാത്തു നില്‍ക്കാറില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് പ്രാഥമിക ഫണ്ട് നല്‍കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം ഒരു ആശ്വാസ നടപടികളും കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഇത് സംസ്ഥാനവും കേന്ദ്രവും പരസ്പരം കുറ്റം പറഞ്ഞു പോകേണ്ട കാര്യമല്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. വിഷയം പാര്‍ലമെന്‍റില്‍ നിരവധി തവണ പ്രതിപക്ഷ നേതാവ് ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments (0)
Add Comment