ശിവരഞ്ജിത്തിനെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിലും റാങ്ക് നേട്ടത്തിലും ദുരൂഹത, സമഗ്ര അന്വേഷണം വേണം: രമേശ് ചെന്നിത്തല

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയുമായ ശിവരഞ്ജിത്തിന് പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടുകയും പരീക്ഷ എഴുതാൻ യൂണിവേഴ്സിറ്റി കോളേജ് തന്നെ അനുവദിച്ചതിലും ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. കേസിലെ കൂട്ടുപ്രതിയും എസ്.എഫ്.ഐ ഭാരവാഹിയുമായ മറ്റൊരാള്‍ക്കും ഉന്നത റാങ്ക് ലഭിച്ചു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ കഠിന പരിശ്രമം നടത്തി പരീക്ഷ എഴുതുമ്പോൾ വളഞ്ഞ വഴിയിലൂടെ റാങ്ക് ലിസ്റ്റിൽ എത്തിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പോലീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഉള്‍പ്പെട്ട വിജിലൻസ് വിഭാഗം ഉണ്ടായിട്ടും ഇത്തരത്തിൽ ക്രമക്കേട് നടന്നതിൽ ഗൂഢാലോചനയുണ്ട്. ഇക്കാര്യങ്ങൾ എല്ലാം അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നും ഇതിന് സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി കോളേജിലെ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ കുത്തിയ ഈ പ്രതികളെ രണ്ട് ദിവസം കഴിഞ്ഞിട്ടും പിടിക്കാനാകാത്തത് പ്രതികൾക്ക് സർക്കാർ സഹായം ലഭിക്കുന്നുണ്ട് എന്നതിന്‍റെ തെളിവാണ്. പോലീസിനെ രാഷ്ട്രീയവത്ക്കരിച്ചതോടെ പോലീസ് നോക്കുകുത്തിയായി മാറിയെന്നും നീതി നടപ്പിലാക്കാൻ പോലീസിനു കഴിയുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എസ്.എഫ്.ഐ എന്നത് ഗുണ്ടാ സംഘമായി മാറിയതിനാൽ ആത്മാഭിമാനം ഉള്ളവർ എസ്.എഫ്.ഐ വിട്ട് പുറത്തുവരാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Ramesh ChennithalasfiUniversity College Trivandrum
Comments (0)
Add Comment