കോട്ടയം ചങ്ങനാശേരിയിലെ പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് ദുരൂഹ മരണങ്ങൾ. പകർച്ച വ്യാധികളോ സാംക്രമിക രോഗങ്ങളോ കൊണ്ടല്ല മരണങ്ങൾ സംഭവിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൻറെ അനാസ്ഥയും ചികിത്സാപ്പിഴവും കാരണമാണ് മരണങ്ങളുണ്ടായതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സമീപവാസികൾ രംഗത്തെത്തി.
ഈ മാസം 23 നാണ് ചങ്ങനാശേരിയിലെ പായിപ്പാട് പഞ്ചായത്തിലുൾപ്പെടുന്ന പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായിരുന്ന ഷെറിൻ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുന്നത്. 27 ന് മറ്റൊരു അന്തേവാസിയായ ഗിരീഷ് കോട്ടയം മെഡിക്കൽ കേളേജിൽ വച്ച് മരിച്ചു. ഇന്നാണ് മൂന്നാമത്തെ മരണം സംഭവിച്ചത്. ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ജേക്കബ് യൂഹാനാൻ എന്നയാൾ കൂടി മരിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗികളെ പരിചരിക്കുന്നതിലുണ്ടായ വീഴ്ചയാണ് മരണം സംഭവിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
ആദ്യ മരണം നടന്നപ്പോൾ തന്നെ ആരോഗ്യ വകുപ്പ് കൊവിഡ് ഉൾപ്പടെയുള്ള പരിശോധനകൾ നടത്തി. പക്ഷേ മരണങ്ങൾ സാക്രമിക രോഗങ്ങളോ പകർച്ചവ്യാധികളോ കൊണ്ടല്ല എന്ന് കണ്ടെത്തി. ആദ്യത്തെ മരണം ന്യൂമോണിയ ബാധ മൂലമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് തഹസിൽദാർ പ്രതികരിച്ചു.
അതേ സമയം സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായേോന്ന് പരിശോധിക്കുമെന്നും. മാനസികാരോഗ്യ കേന്ദ്രത്തിലെ ആറ് പേർ വിവിധ രോഗങ്ങളാൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും, സ്ഥപനത്തിന് ലൈസൻസ് ഉണ്ടെന്നും ഉടമ വി.സി ജോസഫ് പ്രതികരിച്ചു.
https://www.youtube.com/watch?v=Nwom2I9F4Og