അനുജയെ വിളിച്ചിറക്കിയ ഹാഷിം കാർ മനഃപൂർവം ഇടിപ്പിച്ചതോ? പട്ടാഴിമുക്കിലെ വാഹനാപകടത്തിൽ അടിമുടി ദുരൂഹത

 

പത്തനംതിട്ട: പട്ടാഴിമുക്കിലെ വാഹനാപകടത്തിൽ അടിമുടി ദുരൂഹത. നൂറനാട് സ്വദേശിനി അധ്യാപികയായ അനുജ, ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ മരിച്ചത്. കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതായാണ് പോലീസിന്‍റെ സംശയം. ടൂർ കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം മടങ്ങുകയായിരുന്ന അനുജയെ ഹാഷിം കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

വ്യാഴാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. തുമ്പമൺ നോർത്ത് ഗവൺമെന്‍റ് ഹൈസ്കൂളിലെ അധ്യാപികയാണ് അനുജ. ഹാഷിമും അനുജയും സുഹൃത്തുക്കളാണ്. ഇന്നലെ തിരുവനന്തപുരത്തു നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്നു അനുജ ഉൾപ്പെടുന്ന അധ്യാപക സംഘം. ഇവരുടെ വാഹനത്തെ പിന്തുടർന്ന് ഹാഷിം എത്തി. തുടർന്ന് കുളക്കടവിൽ വെച്ച് അധ്യാപകരുടെ വാഹനം തടഞ്ഞ് ഹാഷിം അനുജയെ കാറിൽ കയറ്റി കൂട്ടിക്കൊണ്ടുപോയി. ഹാഷിം
ബന്ധുവാണെന്നായിരുന്നു സഹപ്രവർത്തകരോട് പറഞ്ഞതെന്ന് സഹഅധ്യാപിക മൊഴി നൽകിയിട്ടുണ്ട്. വാഹനം വേഗത്തിൽ ഓടിച്ചു പോകുന്നത് കണ്ട സംശയം തോന്നിയെന്നും അധ്യാപിക മൊഴി നല്‍കി. തുടർന്ന് സഹപ്രവർത്തകർ ബന്ധുക്കളെ വിവരമറിച്ചു.

ഇതിനിടയിൽ അടൂർ പത്തനാപുരം റോഡിൽ പട്ടാഴിമുക്കിൽ വെച്ച് അപകടവുമുണ്ടായി. ആത്മഹത്യ ഉദ്ദേശ്യത്തോടെ കാർ
അമിത വേഗത്തിൽ ഓടിച്ച് എതിർ ദിശയിൽ നിന്നു വന്ന ലോറിയിലേക്ക് ഇടിച്ചു കയറ്റിയെന്നാണ് സൂചന. വാഹനത്തിനുള്ളിൽ മൽപ്പിടുത്തം നടന്നതായി സൂചനയുണ്ടെന്ന് അപകടത്തിന് മുമ്പ് കാർ കണ്ട ഏനാദിമംഗലം പഞ്ചായത്തംഗം ശങ്കർ മാരൂർ പറഞ്ഞു. കാർ അമിത വേഗതയിൽ ലോറിയിൽ വന്നിടിക്കുകയായിരുന്നുവെന്ന് ലോറി ക്ലീനറും പറയുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിനുള്ളിൽ നിന്നും നാട്ടുകാർ ചേർന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും അനുജ സംഭവസ്ഥലത്തും ആശുപത്രിയിൽ എത്തിച്ച ശേഷം ഹാഷിമും മരിച്ചു. അനുജ വിവാഹിതയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ അടൂർ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Comments (0)
Add Comment