ആ കറുത്ത പെട്ടിയിലെന്ത്? ദുരൂഹമായി പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിലെ പെട്ടികടത്തല്‍; ആശങ്കയോടെ രാജ്യം

Jaihind Webdesk
Sunday, April 14, 2019

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കര്‍ണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലിക്പോറ്ററില്‍ നിന്നും ഇറക്കി കൊണ്ടുപോയ കറുത്ത പെട്ടിയെച്ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. ഹെലികോപ്റ്ററില്‍ നിന്നും ഇറക്കിയ പെട്ടി സ്വകാര്യ ഇന്നോവയിലേക്ക് കയറ്റുകയും അതിവേഗം ആ കാര്‍ അപ്രത്യക്ഷമാകുകയുമായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്ര രേഖകളിലൊന്നും ഈ പെട്ടിയെക്കുറിച്ചോ എങ്ങോട്ടാണ് ഈ പെട്ടി പോയതെന്നോ വ്യക്തമല്ല. ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവയാണ് പുറത്ത് വിട്ടത്.

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കായി എത്തിയതായിരുന്നു പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ദുരൂഹമായ ഒരു പെട്ടിയും ഇറക്കിയിരുന്നു. ഇത് പെട്ടെന്ന് അവിടെ പാര്‍ക്ക് ചെയ്ത സ്വകാര്യ ഇന്നോവയില്‍ കയറ്റുകയായിരുന്നു. പിന്നാലെ ഇന്നവോ വേഗത്തില്‍ ഓടിച്ചുപോകുന്നതും കാണാം.

‘എന്താണ് സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് ആ പെട്ടിയില്‍ ഉള്ളത്, എന്ത് കൊണ്ട് ഈ ഇന്നോവ പ്രധാനമന്ത്രിയുടെ വാഹനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ല’ എന്നാണ് ശ്രീവാസ്തവയുടെ ചോദ്യം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.