മുൻചക്രം പണിമുടക്കിയിട്ടും വിമാനം അതിസാഹസികമായും സുരക്ഷിതമായും ലാൻഡ്ചെയ്തു താരമായിരിക്കുകയാണ് മ്യാന്മറിലെ നാഷണല്‍ എയര്‍ലൈന്‍സ് പൈലറ്റ് ക്യാപറ്റൻ മിയാത് മോയ് ഓങ്. 89 യാത്രക്കാരുമായി യാംഗൂണിൽ നിന്ന് മ്യാന്മാറിലെ മണ്ടാലെ എയർപോർട്ടിലേക്ക് എത്തിയ വിമാനമാണ് പൈലറ്റിന്റെ അതിസാഹസികതയിലൂടെ അപകടം സംഭവിക്കാതെ ലാൻഡ് ചെയ്തത്. ആര്‍ക്കും പരിക്കില്ല.
ലാന്‍ഡിംഗ് ഗിയറിനുണ്ടായ തകരാറാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.ലാൻഡിങ്ങിന് തൊട്ടുമുൻപാണ് മുൻചക്രം പ്രശ്നത്തിലായത്. ചക്രം ശരിയാക്കാൻ എല്ലാ വഴികളും നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
A Myanmar National Airlines Embraer 190 (XY-AGQ) has landed safely with its nose gear retracted at Mandalay airport, Myanmar. No injuries reported. https://t.co/6MgQAQmy0n pic.twitter.com/BzKJ4LhBD2
— Breaking Aviation News (@breakingavnews) May 12, 2019
എയര്‍ ട്രാഫിക് കണ്ട്രോളര്മാര്ക്ക് ഗിയര്‍ തകരാറ് പരിഹരിക്കാന്‍ അവസരം ലഭ്യമാക്കുന്നതിനായി രണ്ട് തവണ വിമാനത്താവളത്തിലൂടെ പൈലറ്റ് പറത്തിയിരുന്നു. വിമാനത്തിന്റെ ഭാരം കുറയ്ക്കാനായി കഴിയുന്നത്ര ഇന്ധനവും അദ്ദേഹം ഉപയോഗിച്ചു തീർത്തിരുന്നു. നിലത്തേക്കിറങ്ങിയ വിമാനം മുൻഭാഗം നിലത്ത് തട്ടുന്നതിനു മുൻപ് പിന്നിലെ ചക്രങ്ങളിലേക്ക് ചായിച്ച് അതിസാഹസികമായാണ് അദ്ദേഹം വിമാനം നിലത്തിറക്കിയത്. വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയെങ്കിലും യാത്രക്കാർക്കൊന്നും പരുക്കില്ല.
മ്യാന്മാർ നാഷണൽ എയർലൈൻസിന്റെ എമ്പ്രയർ (Embraer) 190 വിമാനമാണ് ക്യാപറ്റൻ മിയാത് മോയ് ഓങ് സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി ലാൻഡ് ചെയ്തത്. പൈലറ്റ് ചെയ്തത് ഒരു വലിയ കാര്യമാണെന്നും നിലത്തിറക്കുന്നതിന് മുമ്പ് അടിയന്തിരഘട്ടത്തില്‍ പാലിക്കേണ്ട എല്ലാം ക്യാപ്റ്റന്‍ ചെയ്തിരുന്നുവെന്നും ട്രാന്‍സ്പോര്‍ട്ട് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ സെക്രട്ടറി വിന് ഖാന്‍ഡ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ ആഴ്ചയില്‍ തന്നെ മ്യാന്‍മറിലുണ്ടായ രണ്ടാമത്തെ ഏവിയേഷന്‍ അപകടമാണ് ഇത്. ബുധനാഴ്ചയായിരുന്നു ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. ശക്തിയായ കാറ്റിനെത്തുടര്‍ന്നായിരുന്നു അപകടം. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.
വിമാനം പിന്‍ചക്രങ്ങളില്‍ നിലത്തിറങ്ങുന്നതും പിന്നീട് മൂക്ക് നിലത്ത് തൊടുകയും കുറച്ച് നേരം അങ്ങനെ തന്നെ ഓടുകയും നില്‍ക്കുന്നതിന് മുന്നെ തന്നെ അതില്‍ നിന്നും പുക ഉയരുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ തന്നെ അടിയന്തര സാഹചര്യമായി പരിഗണിച്ച് യാത്രക്കാരെ വിമാനത്തില്‍ നിന്ന് മാറ്റുകയായിരുന്നു.
അപകടമില്ലാതെ മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതരായി എത്തിച്ച പൈലറ്റിന്റെ അതിസാഹസികതയെ പ്രശംസിക്കുകയാണ് സോഷ്യൽമീഡിയ ഒന്നടങ്കം .
Evacuation footage from Myanmar National Airlines flight #UB103, the Embraer 190 which landed with its nose gear retracted earlier today at Mandalay airport, Myanmar. #AviationDaily pic.twitter.com/OJ6GY04t3M
— Aero News (@teamaeronews) May 12, 2019