ജീപ്പിനു മുകളില്‍ തോട്ടി കെട്ടിവെച്ചതിന് എംവിഡിയുടെ പിഴ; ഓഫീസിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി

കല്‍പറ്റ:  എംവിഡിയുടെ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വയനാട് കല്‍പ്പറ്റയില്‍ എംവിഡി യുടെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി വിഛേദിച്ച് കെഎസ്ഇബി. കഴിഞ്ഞയാഴ്ച വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെ.എസ്.ഇ.ബിക്ക് എ.ഐ. ക്യാമറയുടെ നോട്ടീസ് ലഭിച്ചത് വാര്‍ത്തയായിരുന്നു. വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ എം.വി.ഡി. താമസം വരുത്തിയിരുന്നു.

വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ അടിയന്തിര ഫണ്ടില്‍ നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ച തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. എന്നാല്‍ കെഎസ്ഇബി യുടേത് അസ്വാഭാവിക നടപടിയാണെന്നും ബില്ലടക്കാന്‍ വൈകിയാലും സര്‍ക്കാര്‍ ഓഫീസുകളുടെ വൈദ്യുതി വിഛേദിക്കല്‍ പതിവില്ലെന്നുമാണ് എം.വി.ഡി നിലപാട്.

കഴിഞ്ഞ ദിവസം മരച്ചില്ല വെട്ടാനായി ജീപ്പിനു മുകളില്‍ മുളയുടെ തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബി വാഹനത്തിന് എംവിഡി 20,500 രൂപ പിഴയിട്ടിരുന്നു. തോട്ടി കെട്ടിവെച്ചതിന് 20,000 രൂപയും സീറ്റ് ബെല്‍റ്റിടാത്തതിന് 500 രൂപയുമായിരുന്നു പിഴ. തോട്ടിയുമായി പോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ എഐ ക്യാമറയില്‍ പതിഞ്ഞതോടെയായിരുന്നു കെഎസ്ഇബി ക്കുള്ള എംവിഡി യുടെ നോട്ടീസ്. ഇതിന് പിന്നാലെയാണ് എം.വി.ഡി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരിയത്. ജില്ലയിലെ എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഈ കെട്ടിടത്തില്‍ നിന്നാണ്.

Comments (0)
Add Comment