കുട പിടിച്ച് പണി വാങ്ങരുത്; ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹം, ഉത്തരവിറങ്ങി

Jaihind Webdesk
Thursday, October 7, 2021

തിരുവനന്തപുരം : ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ഇനി മുതല്‍ ശിക്ഷാര്‍ഹം. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യാന്‍ പാടില്ല. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവർക്കെതിരെ വാഹന പരിശോധന സമയത്ത് നടപടി സ്വീകരിക്കണമെന്നും ഗതാഗത കമ്മിഷണർ നിർദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 177.എ പ്രകാരം ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹമാണ്. 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അതേസമയം ഗതാഗത കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തവില്‍ പിഴയെക്കുറിച്ചുള്ള വ്യക്ത വരുത്തിയിട്ടില്ല.

മഴക്കാലത്ത് ഇരുചക്രവാഹനയാത്രക്കാര്‍ കുട ചൂടി യാത്ര ചെയ്യുന്നത് അപകടത്തിന് ഇടയാക്കാറുണ്ട്. വാഹനം ഓടിക്കുമ്പോൾ കുടപിടിക്കുന്നത് മരണം വരെയുളള സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. യാത്രക്കാരനെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിപ്പിക്കാനോ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാക്കാനോ കുട പിടിക്കുന്നത് ഇടയാക്കുന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്‍റെ നടപടി.