ഇ ബുൾ ജെറ്റ് വിവാദം : വാഹന രജിസ്ട്രേഷനും ലൈസൻസും റദ്ദ് ചെയ്യാനുള്ള നടപടികൾ ത്വരിതപ്പെടുത്തി എംവിഡി

Wednesday, August 11, 2021

കണ്ണൂർ  : ഇ ബുൾ ജെറ്റ് യൂട്യൂബർമാരുടെ വാഹന രജിസ്ട്രേഷനും ലൈസൻസും റദ്ദ് ചെയ്യാനുള്ള നടപടികൾ ത്വരിതപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് . ഏഴുദിവസത്തിനും ഹാജരാകണമെന്ന്  മോട്ടോർ വകുപ്പ് . സഹോദരങ്ങളുടെ വീട്ടിൽ ഇരിട്ടി ജോയിന്‍റ് ആർ ടി ഒ നോട്ടീസ് പതിച്ചു. കണ്ണൂർ ടൗൺ  പോലീസ് യൂട്യൂബർമാരായ സഹോദരൻമാരുടെ മൊഴി എടുത്തു.

ഇ ബുൾ ജെറ്റ് വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായിയാണ് ഇരിട്ടി ജോയിന്റ് ആർ ടി ഒ യൂട്യൂബർ മാരുടെ വീട്ടിൽ നോട്ടീസ് പതിച്ചു. വാഹന രജിസ്ട്രേഷൻ റദ്ദ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ഏഴു ദിവസത്തെ സമയവും നൽകിയിട്ടുണ്ട്. നോട്ടീസ് ഉദ്യോഗസ്ഥരിൽ നിന്ന് കൈപ്പറ്റാൻ വീട്ടിൽ ആരും ഇല്ലാത്ത സാഹചര്യത്തിലാണ് ചുവരിൽ പതിച്ചത്. 9 നിയമ ലംഘനങ്ങളാണ് മോട്ടോർ വകുപ്പ് വാഹനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ലൈസൻസ് റദ്ദ് ചെയ്യാനുള്ള ശുപാർശയുടെ മേലും നടപടികൾ പുരോഗമിക്കുകയാണ്.

ഇ ബുൾ ജെറ്റ് യൂട്യൂബർ മാരായ എബിൻ വർഗ്ഗീസിന്റെയും ലിബിനിന്റെയും മൊഴിയും പൊലീസ്  വീണ്ടും രേഖപ്പെടുത്തി. ജാമ്യ വ്യവസ്ഥ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ പ്രിൻസിപ്പൾ എസ് ഐക്ക് മുൻപിൽ ഒപ്പിടാൻ എത്തിയ ഘട്ടത്തിലാണ് ഇരുവരെയും കൂടുതൽ ചോദ്യം ചെയ്തത്. ജാമ്യ വ്യവസ്ഥ പ്രകാരം പ്രതികൾ എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണം.