മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽപ്പറത്തിയവരെ പൂട്ടി വീണ്ടും എംവിഡി; ഉടമയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി

 

ആലപ്പുഴ: മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽപ്പറത്തി രൂപ മാറ്റം വരുത്തി ഓടിച്ച കാർ പിടികൂടി. ആലപ്പുഴ എൻഫോഴ്സ്മെന്‍റ് ആർടിഒ രമണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ ആറാട്ടു വഴിയിൽ വെച്ച് കാർ പിടികൂടിയത്. KL 35 A 9966 രജിസ്ട്രേഷൻ നമ്പരിലുള്ള ഫോക്സ് വാഗൻ പോളോ കാറാണ് രൂപമാറ്റം വരുത്തിയത്.

16.5 സെ. മീ ഉണ്ടായിരുന്ന കാറിന്‍റെ ഫ്രണ്ട് സസ്പെൻഷൻ 6 സെന്‍റീ ‍മീറ്ററാക്കി ചുരുക്കി. ഇത് സ്റ്റിയറിംഗ് വീൽ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കും. കൂടാതെ കാറിന്‍റെ നാല് ഭാഗത്തെയും ടയറുകൾക്കും മാറ്റം വരുത്തി. അമിതമായ ശബ്ദം കേൾപ്പിക്കാനായി കാറിന് പ്രത്യേക സൈലൻസറും ഘടിപ്പിച്ചിരുന്നു. കൂടാതെ സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവുകൾ മറി കടന്ന് വാഹനത്തിൽ സൺ ഗ്ലാസ് ഫിലിമും ഒട്ടിച്ചിരുന്നു. രൂപ മാറ്റം വരുത്തി നിരത്തിലോടിയ ഈ കാർ കഴിഞ്ഞ മാസം എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടിഒ പിടികൂടി 25,500 രൂപ പിഴയീടാക്കിയിരുന്നു. വാഹനത്തിൽ വരുത്തിയ മാറ്റം പൂർവസ്ഥിതിയിലാക്കാമെന്ന ഉറപ്പിൻമേൽ മാപ്പപേക്ഷ എഴുതി നൽകിയ ശേഷമാണ് വാഹനം അന്നു വിട്ടു കൊടുത്തത്.

കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെയാണ് ഈ വാഹനം ആർടിഒ പിടികൂടിയത്. വാഹനമോടിച്ചിരുന്ന ചേർത്തല സ്വദേശി കാളിദാസന്‍റെ ലൈസൻസ് താൽക്കാലികമായി 3 മാസത്തേക്ക് റദ്ദ് ചെയ്തുവെന്നും ഇദ്ദേഹത്തിൽ നിന്ന് 21,500 രൂപ പിഴയീടാക്കിയതായും ആർടിഒ അറിയിച്ചു. കൂടാതെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ സസ്പെന്‍റ് ചെയ്തതായും ആർടിഒ അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശശി കെ.വർമ, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ചന്തു സി.ജി., വരുൺ എന്നിവരടങ്ങുന്ന സംഘമാണ് കാർ പിടികൂടിയത്.

Comments (0)
Add Comment