മുട്ടില്‍ വനംകൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലെ ‘അഴിച്ചുപണി’ വിവാദമായതിന് പിന്നാലെ കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തു. മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ ധനേഷ് കുമാറാനെ അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു.
നോര്‍ത്ത് സോണിലെ അന്വേഷണ ചുമതലയാണ് നിലവില്‍ ഡിഎഫ്ഒ ധനേഷ്കുമാറിന് നല്‍കിയിരിക്കുന്നത്. വനംമന്ത്രി എ.കെ ശശീന്ദ്രന്‍റെ നിര്‍ദേശപ്രകാരമാണ് ധനേഷ് കുമാറിനെ തിരിച്ചെടുത്തത്. കേസിൽ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത് ഇദ്ദേഹമായിരുന്നു. 5 അംഗ അന്വേഷണ സംഘത്തിൽ തൃശൂർ, എറണാകുളം ജില്ലകളിലെ മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് ധനേഷ് കുമാറിനെ നിയോഗിച്ചിരുന്നത്.
എന്നാൽ സംഘത്തിൽ നിന്നും പെട്ടെന്ന് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. നേരത്തെ അദ്ദേഹം ജോലി ചെയ്തിരുന്ന കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡിലേക്ക് മടങ്ങാനാണ് നിര്‍ദേശിച്ചത്. തൃശൂരിൽ നിന്ന് കടത്തിയ മരങ്ങൾ നിലമ്പൂരിൽ വെച്ച് പിടികൂടിയത് ഇദ്ദേഹമായിരുന്നു. മാറ്റം ഭരണപരമായ കാരണം കൊണ്ടാണെന്നാണ് വനംവകുപ്പ് വിശദീകരിച്ചത്. എന്നാല്‍ ഇതിനെക്കുറിച്ച് അറിഞ്ഞില്ലെന്നായിരുന്നു വനംമന്ത്രിയുടെ പ്രതികരണം. വകുപ്പ് മന്ത്രി പോലും അറിയാതെയായുണ്ടായ ചുമതല മാറ്റം കേസിലെ ഉന്നത ഇടപെടലാണ് സ്ഥിരീകരിക്കുന്നതെന്ന് ആരോണമുയര്‍ന്നിരുന്നു.
അന്വേഷണ സംഘത്തിൽ നിന്ന് ധനേഷിനെ മാറ്റിയത് വനംകൊള്ള മാഫിയയെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ധനേഷിനെ ഉൾപ്പെടുത്താതെയുള്ള അന്വേഷണ സംഘ രൂപീകരണം കൂടുതൽ സംശയങ്ങൾക്ക് ഇടവരുത്തുന്നു. വനം കൊള്ളക്ക് കൂട്ടു നിന്നവർക്ക് എതിരെ നിലപാട് എടുത്തയാളാണ് ധനേഷ്. സ്ഥാപിത താൽപ്പര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം.