കൊച്ചി : പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. മുട്ടിൽ മരം മുറിക്കേസിൽ പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നും മരം മുറിക്കാൻ പ്രതികൾ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നും കോടതി വ്യക്തമാക്കി. കേസിൽ 3 പ്രതികളുടേയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സര്‍ക്കാരിനെയും റവന്യു വകുപ്പിനേയും രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.
നിലവിലുള്ള നിയമങ്ങൾ മറികടക്കുന്നതാണ് സർക്കാർ ഉത്തരവ്. മുട്ടിൽ മരം മുറിക്കേസിൽ പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. മരം മുറിക്കാൻ പ്രതികൾ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നും വില്ലേജ് ഓഫീസർ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്നും കോടതി നിരീക്ഷിച്ചു.പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്നും കോടതി വിമര്‍ശിച്ചു. പതിനായിരം ക്യൂബിക് മീറ്റർ ഈട്ടിത്തടി നൽകാമെന്ന് പ്രതികൾ വിൽപ്പനക്കാരുമായി കരാർ ഉണ്ടാക്കിയിരുന്നു. ഇത്രയധികം ഈട്ടിത്തടികൾ പ്രതികൾ എങ്ങനെ സംഘടിപ്പിക്കുമെന്നും കോടതി ചോദിച്ചു. മുട്ടിൽ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശങ്ങൾ.
കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും റിസർവ് വനമല്ല മുറിച്ച് മാറ്റിയതെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാൽ റിസർവ് വനം തന്നെയാണ് പ്രതികൾ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയാണ് നടന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.