മരം മുറിക്കാൻ പാസ് നല്‍കിവർക്കെതിരെ കേസില്ല, ഇടനിലക്കാരെയും തൊട്ടില്ല; ശ്രമിച്ചത് പട്ടയ ഭൂവുടമകളെ കുരുക്കി തടിതപ്പാന്‍

മുട്ടിൽ മരംമുറിയിൽ കുരുക്കിലാവുന്നത് പട്ടയ ഭൂവുടമകൾ. മരം മുറിക്കാൻ പാസ് അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാതെ തടിതപ്പുകയാണ് വനം വകുപ്പ്. പട്ടയ ഭൂമിയിലെ പാവങ്ങളിൽ നിന്ന് ചുളുവിലയ്ക്ക് മരം തട്ടിയെടുത്ത ഇടനിലക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഇടനിലക്കാരെ പിടികൂടാന്‍ നീക്കം നടത്താതെ പട്ടയ ഭൂവുടമകളുടെ പേരിൽ കേസെടുത്ത് നടപടി അവസാനിപ്പിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം.

റവന്യു വകുപ്പിന്‍റെ വിവാദ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നൽകിയ പാസ് ഉപയോഗിച്ചാണ് പട്ടയഭൂവുടമകൾ ഇടനിലക്കാര്‍ക്ക് മരം വിറ്റത്. കയ്യൊപ്പോടുകൂടിയ പാസ് അനുവദിച്ചത് റേഞ്ച് ഓഫീസർമാരാണ്. മരംമുറിക്കാന്‍ പാസിലൂടെ അനുമതി നല്‍കിയതിന് ശേഷം കര്‍ഷകര്‍ക്കെതിരെ കേസെടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയരുന്നു.  തടി കണ്ടെടുക്കാനോ ഇടനിലക്കാരെ പിടികൂടാനോ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാതെ കര്‍ഷകരുടെ മേല്‍ പഴി ചാരി തടിതപ്പാനാണ് അധികൃതരുടെ ശ്രമം. ലക്ഷങ്ങള്‍ മതിപ്പുള്ള മരത്തിന് കേവലം പതിനായിരമോ പതിനയ്യായിരമോ മാത്രമാണ് പട്ടയ ഭൂവുടമയ്ക്ക് ലഭിക്കുന്നത്. ബാക്കിയുള്ള തുക ഇടനിലക്കാരും ഇടപെടുന്ന ഉദ്യോഗസ്ഥരും കമ്മീഷനായി വീതംവെക്കുകയാണ് ചെയ്യുന്നത്.

എന്‍ഫോഴ്സ്മെന്‍റ് അടക്കമുള്ള ഏജൻസികൾ വിഷയത്തില്‍ ഇടപെടുന്നു എന്ന  സൂചന ലഭിച്ചതോടെയാണ് തിരക്കിട്ട് കേസുകൾ റജിസ്റ്റർ ചെയ്തു തുടങ്ങിയത്. അതേസമയം ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ ഒരുവിഭാഗം വനംവകുപ്പ് ജീവനക്കാര്‍ക്കിടയില്‍ തന്നെ എതിര്‍പ്പുണ്ട്. ഇതോടെ  മരം നഷ്ടപ്പെട്ടെന്നു മാത്രം കാട്ടി മഹസറെഴുതി കേസ് അവസാനിപ്പിക്കാനും നീക്കം തുടങ്ങി. സംഭവം വിവാദമാവുകയും വനംകൊള്ളയില്‍ പ്രതിപക്ഷം ശക്തമായി ഇടപെടുകയും ചെയ്തതോടെ  അന്വേഷണത്തിന്‍റെ ഗതിയില്‍ മാറ്റമുണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

Comments (0)
Add Comment