മുട്ടില്‍ മരംമുറി: കുറ്റപത്രം ഉടന്‍ കോടതിയില്‍ സമർപ്പിക്കും; കേസില്‍ 12 പ്രതികള്‍

 

സുല്‍ത്താന്‍ ബത്തേരി: മുട്ടില്‍ മരംമുറി കേസിൽ അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം വയനാട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. മരങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം നിർണ്ണായക തെളിവായെടുത്ത കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികൾ.

2020-21 വർഷത്തിൽ വയനാട് മുട്ടിൽ സൗത്ത് വില്ലേജില്‍ നടന്ന വിവാദമായ അനധികൃത മരംമുറി കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയത്. ജില്ലാ പോലീസ് മേധാവിയുടെ അനുമതി ലഭിച്ചാലുടൻ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. മരം വിറ്റ ആദിവാസികളടക്കമുള്ള കർഷകരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ കുറ്റപത്രത്തിൽ ആകെ 12 പ്രതികളാണ് ഉള്ളത്. സഹോദരൻമാരായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യ പ്രതികൾ. രണ്ട് മുൻ വില്ലേജ് ഓഫീസർമാരും പ്രതിപ്പട്ടികയിലുണ്ട്.

മുറിച്ച മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലമാണ് കേസന്വേഷണത്തിലെ ഒരു നിർണ്ണായക തെളിവ്. 1964-ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്നു കാട്ടി 2020-ൽ സർക്കാർ ഇറക്കിയ ഉത്തരവിന്‍റെ മറവിലായിരുന്നു കോടികളുടെ മരം മുറി. എന്നാൽ 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡിഎന്‍എ പരിശോധനയിൽ തെളിയുകയായിരുന്നു. കൂടാതെ വില്ലേജ് ഓഫീസിൽ ഭൂവുടമകളുടെ പേരിൽ നൽകിയ അപേക്ഷ വ്യാജമാണെന്ന് തിരുവനന്തപുരത്ത് നടത്തിയ ഫോറൻസിക് പരിശോധനയിലും തെളിഞ്ഞിരുന്നു. ഇതോടെ ഡിഎന്‍എ, ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ മരം മുറിക്കേസില്‍ പ്രതികള്‍ക്കെതിരായ ശക്തമായ തെളിവുകളായി. ഈ കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാവും അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് മേപ്പാടി, മീനങ്ങാടി സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത മറ്റു കേസുകളുടെ കുറ്റ പത്രം സമർപ്പിക്കുക. ഡിവൈഎസ്പി വി.വി. ബെന്നി തലവനായ 21 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

pic:file

Comments (0)
Add Comment