മുട്ടില്‍ മരംമുറി കേസ്: അന്വേഷണവും കുറ്റപത്രവും ദുർബലമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ; റിപ്പോർട്ട് തേടി എഡിജിപി

 

കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉന്നയിച്ച കാര്യങ്ങളിൽ റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥന് എഡിജിപിയുടെ നിർദ്ദേശം. പ്രോസിക്യൂട്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡിവൈഎസ്പി വി.വി. ബെന്നിയോട് എഡിജിപി എച്ച്. വെങ്കിടേഷ് ആവശ്യപ്പെട്ടത്. കേസിന്‍റെ ഭാവി നടപടികൾ ഇതിനു ശേഷം തീരുമാനിക്കും.

2021-ലെ വിവാദ മുട്ടിൽ മരംമുറിക്കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ കേസന്വേഷണവും സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും അതീവ ദുർബലമാണെന്നു കാട്ടി കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസഫ് മാത്യുവാണ് കഴിഞ്ഞ ദിവസം എഡിജിപിക്ക് കത്ത് നൽകിയത്. കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും അഡീഷണൽ കുറ്റപത്രം സമർപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ മാസം 13-ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഉൾപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അതിനു പിന്നാലെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട രണ്ട് എസ്പിമാരും അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡിവൈഎസ്പി വി.വി. ബെന്നിയും ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നത്.

പ്രോസിക്യൂട്ടർ കത്തിലുന്നയിച്ച കാര്യങ്ങളെ അന്വേഷണ ഉദ്യോഗസ്ഥർ യോഗത്തിൽ ചോദ്യം ചെയ്തതായാണ് വിവരം. വിഷയത്തിൽ രേഖകൾ പരിശോധിച്ച് 10 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് നൽകാൻ യോഗത്തിൽ എഡിജിപി എച്ച്. വെങ്കിടേഷ് നിർദേശം നൽകി. വി.വി. ബെന്നി സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ഇനി കേസിൽ തുടരന്വേഷണമോ അഡീഷണൽ കുറ്റപത്രമോ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുക. കേസ് വാദിക്കുന്ന പ്രോസിക്യൂട്ടറും കേസന്വേഷിച്ച സംഘവും രണ്ടു തട്ടിലായത് സർക്കാരിനെയും പ്രതിസന്ധിയിലാക്കിയിരുന്നു.

Comments (0)
Add Comment