രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപ്പത്രം സമര്‍പ്പിച്ചതോടെ അഗസ്റ്റിന്‍ സഹോദരന്മാരുടെ കുറ്റകൃത്യങ്ങള്‍ പകല്‍പോലെ വ്യക്തമാവുകയാണ്. സുല്‍ത്താന്‍ ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഡി.വൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മരങ്ങളുടെ ഡി.എന്‍.എ പരിശോധനാ ഫലം നിര്‍ണായക തെളിവായെടുത്ത കുറ്റപത്രത്തില്‍ അഗസ്റ്റിന്‍ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികള്‍. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2020 – 21 വര്‍ഷത്തില്‍ വയനാട് മുട്ടിലില്‍ നടന്ന കോടികളുടെ അനധികൃത മരംമുറിയാണ് മുട്ടില്‍ മരം മുറി. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളുമായ റോജിഅഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. വ്യാജരേഖ ചമയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതോടൊപ്പം അന്നത്തെ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍ കെ കെ അജി, സ്‌പെഷ്യല്‍ ഓഫീസര്‍ സിന്ധു എന്നിവരുള്‍പ്പടെ മരംമുറിസംഘത്തെ സഹായിച്ചവരും മരം മുറിച്ചവരുമടക്കമുള്ള 12 പേരാണ് പ്രതികള്‍.
മരം മുറി കേസായനെങ്ങനെയെന്ന് വച്ചാല്‍ മൂന്ന് തരം പട്ടയഭൂമിയാണ് ഉള്ളത്. ജന്മം പട്ടയം, ലാന്റ് ട്രിബ്യൂണല്‍ പട്ടയം, ലാന്റ് അസൈന്‍മെന്‍റ് പട്ടയം. ഇതില്‍ ലാന്‍റ് അസൈന്‍മെന്‍റ് പട്ടയം അനുവദിച്ച ഭൂമിയിലെ ചില മരങ്ങളുടെ ഉടമസ്ഥത സര്‍ക്കാരിനാണുള്ളത്. ചന്ദനം, തേക്ക്, വീട്ടി, എബണി എന്നീ രാജകീയ മരങ്ങളായ നാല് തരം മരങ്ങളുടെ ഉടമസ്ഥതയാണ് സര്‍ക്കാരിനുള്ളത്. ലാന്‍റ് അസൈന്‍മെന്‍റ് പട്ടയം കൂടുതലായും നല്‍കിയിട്ടുള്ളത് വയനാട്, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ്. വയനാട്ടിലുള്ള, ഇങ്ങനെയൊരു പട്ടയഭൂമിയാണ് മുട്ടില്‍. ഈ ഭൂമികളിലെ മരങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പട്ടയഭൂമിയുടെ കൈവശക്കാരും സര്‍ക്കാരും തമ്മില്‍ പല തര്‍ക്കങ്ങളും നടന്നിട്ടുണ്ട്. മുട്ടില്‍ മരം മുറിക്കേസിലേക്ക് നയിച്ചത് 2020 ല്‍ ഇറങ്ങിയ ഒരു ഉത്തരവാണ്. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലകിന്‍റെ ആ വിവാദ ഉത്തരവ് 2020 ഒക്ടോബര്‍ 24 നാണു പുറത്തുവരുന്നത്. ഉത്തരവില്‍ ഉണ്ടായിരുന്നത് ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളും ഈ ഭൂമികളില്‍ നിന്ന് മുറിക്കാം എന്നായിരുന്നു. അതായത് രാജകീയ മരങ്ങളുടെ പട്ടികയില്‍ ചന്ദനം മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള വീട്ടി, തേക്ക്, എബണി ഒക്കെ ഭൂവുടമകള്‍ക്ക് മുറിക്കാം എന്നായിരുന്നു.
മരം മുറിക്കുന്നതിനെതിരെ ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കാന്‍ പാടില്ലെന്ന അസാധാരണ വ്യവസ്ഥയും ആ ഉത്തരവിലുണ്ടായിരുന്നു. വൃക്ഷവില സര്‍ക്കാരിലേക്ക് അടച്ചാല്‍ പോലും ഉടമസ്ഥത ലഭിക്കാതിരുന്ന ഈ മരങ്ങളൊക്കെ ആ ഉത്തരവോടെ ഉടമസ്ഥരുടെ സ്വന്തമായി മാറി. മൂന്ന് മാസത്തെ മാത്രം ആയുസ്സായിരുന്നു ആ ഉത്തരവിനുണ്ടായിരുന്നത്. പക്ഷെ ആ മൂന്ന് മാസം കൊണ്ട് വന്‍ തോതില്‍ മരം മുറി നടന്നു. അങ്ങനെ മുട്ടില്‍ മരം മുറി വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും അഗസ്റ്റിന്‍ സഹോദരന്മാര്‍ കുടുങ്ങുകയും ചെയ്തു. കണക്കുകള്‍ പ്രകാരം മുട്ടില്‍ വില്ലേജില്‍ നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചിട്ടുള്ളത്.