മുട്ടില്‍ വനംകൊള്ള : പ്രതികൾ മന്ത്രി ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി, ഒപ്പം സ്വകാര്യ വാർത്താ ചാനല്‍ മേഖല മേധാവിയും ; ദൃശ്യങ്ങൾ പുറത്ത്

 

കണ്ണൂർ : മുട്ടില്‍ വനംകൊള്ളക്കേസിലെ പ്രതികൾ വനം മന്ത്രി എ.കെ ശശീന്ദ്രനുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്വകാര്യ വാർത്ത ചാനലിന്‍റെ കോഴിക്കോട് മേഖല മേധാവിക്കൊപ്പമാണ്  പ്രതികൾ മന്ത്രിയെ കാണാനായെത്തിയത്. മന്ത്രിയെ കണ്ട പ്രതികള്‍ ഉപഹാരം സമ്മാനിച്ചാണ് മടങ്ങിയത്. ഇവർക്കൊപ്പം പ്രതികള്‍ക്ക് അനുകൂലമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു.

കേസിലെ പ്രതികളും മാംഗോ ഫോണ്‍ ഉടമകളുമായ റോജി,ആന്‍റോ,ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് വനം മന്ത്രിയെ കോഴിക്കോട്ട് സന്ദർശിച്ചത്. മെയ് 26ന് രാത്രി ഏഴരയോടെയായിരുന്നു  കൂടിക്കാഴ്ച. വനം മന്ത്രിയായി അധികാരമേറ്റ ശേഷം ശശീന്ദ്രന്‍ ആദ്യമായി കോഴിക്കോട് എത്തിയതിനുപിന്നാലെയായിരുന്നു കൂടിക്കാഴ് എന്നതും ശ്രദ്ധേയമാണ്. സ്വകാര്യ വാർത്ത ചാനൽ മേഖല മേധാവി വഴിയാണ് ഏ.കെ ശശീന്ദ്രനുമായി പ്രതികള്‍ ബന്ധം ഉറപ്പിച്ചതെന്നാണ് സൂചന.

പെണ്‍കെണിയില്‍ പെട്ടായിരുന്നു കഴിഞ്ഞ മന്ത്രിസഭയില്‍ നിന്നും ഏ.കെ ശശീന്ദ്രന് രാജിവച്ചിറങ്ങേണ്ടി വന്നതെങ്കില്‍ മരം മുറികേസ് അട്ടിമറിക്കാന്‍ ഒത്താശ ചെയ്തെന്ന ആരോപണമാണ് ഇത്തവണ ശശീന്ദ്രന് കുരുക്കാകുന്നത്. കേസില്‍ പ്രതിപ്പട്ടികയിലുളള മാംഗോ ഫോണ്‍ കമ്പനി ഉടമകളുമായി ശശീന്ദ്രനുളള ബന്ധമാണ് ഈ ആരോപണത്തിന്‍റെ മൂര്‍ച്ച കൂട്ടുന്നത്. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്ത് വരും.

Comments (0)
Add Comment