സില്‍വർ ലൈനിന് പിന്നില്‍ അഴിമതി; പദ്ധതി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, March 14, 2022

 

തിരുവനന്തപുരം: സില്‍വർ ലൈന്‍ പദ്ധതിക്ക് പിന്നില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല. അനാവശ്യ പദ്ധതി ആർക്കുവേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. ആയിരക്കണക്കിന് ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. വിവാദ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനകീയ സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കാൻ പാടില്ല. സമരത്തോട് പുച്ഛം കാണിച്ച തലശേരി എംഎൽഎ എഎന്‍ ഷംസീറിനോട് സഹതാപം മാത്രമാണുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ സിഗ്നൽ സംവിധാനങ്ങളും ട്രാക്കിലെ വളവുകളും പരിഷ്‌കരിക്കുന്നതിലൂടെ ഇപ്പോഴുള്ള ട്രെയിനുകൾക്ക് കാസർഗോഡ് വരെ 5 മണിക്കൂർ കൊണ്ട് എത്താനാകും എന്നത് വസ്തുതയാണ്. ഇത്തരമൊരു സാഹചര്യം മുന്നിലുള്ളപ്പോള്‍ ആയിരക്കണക്കിന് ആളുകളെ വഴിയാധാരമാക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ആർക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി പറയണം. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പദ്ധതിയാണെന്ന് പറഞ്ഞ് നിങ്ങൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് ഒരിക്കലും വികസനത്തിന് എതിരല്ല. കേരളം കണ്ടിട്ടുള്ള വൻകിട പദ്ധതികൾക്ക് രൂപം നൽകിയതും നടപ്പാക്കിയതും യുഡിഎഫാണെന്നതിൽ ആർക്കും സംശയമില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടാത്ത ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് പിന്നില്‍ ഗുരുതരമായ കമ്മീഷന്‍ താല്പര്യമുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നിയമസഭയില്‍ സില്‍വർ ലൈന്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.