‘ഞാന്‍ വീണ്ടും എംഎല്‍എ ആയാല്‍ മുസ്‌ലീങ്ങള്‍ കുറി വരയ്ക്കും’ ; വിദ്വേഷ പ്രസംഗവുമായി ഉത്തർപ്രദേശിലെ ബിജെപി നേതാവ്

Jaihind Webdesk
Monday, February 14, 2022

 

ലക്‌നൗ : മുസ്‌ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ മുസ്‌ലീങ്ങള്‍ തട്ടം മാറ്റി കുറി വരയ്ക്കേണ്ടിവരുമെന്നായിരുന്നു  രാഘവേന്ദ്ര സിംഗിന്‍റെ വിവാദ പരാമർശം. വിദ്വേഷ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

കിഴക്കൻ യുപിയിലെ ദൊമാരിയഗഞ്ചിൽ നിന്നുള്ള എം‌എൽ‌എയാണ്   രാഘവേന്ദ്ര സിംഗ്. ‘ഞാന്‍ ഒരിക്കല്‍ക്കൂടി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഹിജാബ് അപ്രത്യക്ഷമായതുപോലെ, മുസ്‌ലീങ്ങള്‍ കുറി വരയ്ക്കേണ്ടിയും വരും’ –  എന്ന രാഘവേന്ദ്രയുടെ പരാമർശമാണ് വിവാദമായത്.

‘ആദ്യമായാണ് ഇത്രയധികം ഹിന്ദുക്കൾ മണ്ഡലത്തിൽ മത്സരിക്കുന്നത്. ദോമരിയഗഞ്ചിൽ ‘സലാം’ ഉണ്ടാകുമോ അതോ ‘ജയ് ശ്രീറാം’ ഉണ്ടാകുമോ?’ എന്നും രാഘവേന്ദ്ര ചോദിച്ചു.

എന്നാല്‍ പരാമർശം വിവാദമായതോടെ താനത് സാന്ദർഭികമായി പറഞ്ഞതാണ് എന്ന വിശദീകരണവുമായി രാഘവേന്ദ്ര രംഗത്തെത്തി. ‘ഇസ്‌ലാമിക ഭീകരത’ തുടർന്നാല്‍ ഹിന്ദുക്കള്‍ ഹിജാബ് ധരിക്കേണ്ടിവരും.  എന്നതുപോലെ സാന്ദർഭികമായി പറഞ്ഞതാണ്. മുസ്‌ലീങ്ങള്‍ എന്ത് വില കൊടുത്തും എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഞാന്‍ നിശബ്ദനായിരിക്കില്ല. ഹിന്ദുവിന്‍റെ അഭിമാനത്തിനായി എന്തും ത്യജിക്കാന്‍ ഞാന്‍ തയാറാണ്’ – വിവാദത്തിന് പിന്നാലെ രാഘവേന്ദ്ര പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവവാഹിനിയുടെ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ആളാണ് രാഘവേന്ദ്ര സിംഗ്.  ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ ആറാം ഘട്ടത്തിലാണ് രാഘവേന്ദ്ര സിംഗ് മത്സരിക്കുന്ന ദൊമാരിയഗഞ്ച് വിധിയെഴുതുന്നത്. അതേസമയം രാഘവേന്ദ്രയുടെ വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തതായാണ് ഉത്തർപ്രദേശ് പോലീസ് പറയുന്നത്.