മുസ്ലീങ്ങള്‍ക്കെതിരെ കടുത്ത വർഗീയ പരാമർശവുമായി ബി.ജെ.പി എം.എല്‍.എയും കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എം.പി രേണുകാചാര്യ. മുസ്ലീങ്ങള്‍ പള്ളികളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നുവെന്നായിരുന്നു രേണുകാചാര്യയുടെ വിവാദ പരാമർശം.
‘ചില രാജ്യദ്രോഹികള്‍ മസ്ജിദിൽ ഇരുന്ന് ഫത്‌വകൾ എഴുതുകയാണ്. പ്രാർത്ഥിക്കുന്നതിന് പകരം പള്ളിക്കുള്ളിൽ ആയുധങ്ങൾ ശേഖരിക്കുന്നു. ഇതിന് വേണ്ടിയാണ് മസ്ജിദുകള്‍ ഉപയോഗിക്കുന്നത്’ – രേണുകാചാര്യ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കർണാടകയിലെ ദേവനാഗരെ ജില്ലയിലെ ഹൊനാലിയില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു രേണുകാചാര്യയുടെ വർഗീയ വിദ്വേഷം തുളുമ്പുന്ന പരാമർശം. ബി.ജെ.പി സർക്കാരിന്‍റെ നയങ്ങളെ അംഗീകരിക്കാത്തവർക്കുവേണ്ടി യാതൊരുവിധത്തിലുള്ള വികസനപ്രവർത്തനങ്ങളും നടത്തുകയില്ലെന്നും രേണുകാചാര്യ ഭീഷണി മുഴക്കി.
‘നിങ്ങളുടെ പ്രദേശങ്ങളില്‍ (മുസ്ലീങ്ങളുടെ) യാതൊരു വികസനപ്രവര്‍ത്തനങ്ങളും ഞാന്‍ നടത്തുകയില്ല. നിങ്ങളെ നിർത്തേണ്ടിടത്ത് നിർത്താന്‍ അറിയാം. രാഷ്ട്രീയം എന്താണെന്ന് കാണിച്ചുതരാം’ – രേണുകാചാര്യ പറഞ്ഞു. നിലവില്‍ എം.എല്‍.എ ആയ രേണുകാചാര്യ 2008-2013 കാലയളവിലെ ബി.ജെ.പി മന്ത്രിസഭയിലെ അംഗവുമായിരുന്നു. രേണുകാചാര്യയുടെ വർഗീയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രസ്താവന വിവാദമായതോടെ രേണുകാചാര്യയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ചൂണ്ടിക്കാട്ടി തടിയൂരാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.