വീണ്ടും വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. 1947 ല്‍ തന്നെ മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് പറഞ്ഞയക്കേണ്ടതായിരുന്നു എന്നാണ് ഗിരിരാജ് സിംഗ് പറഞ്ഞത്. നേരത്തെ ഷഹീന് ബാഗ് സമരക്കാര്‍ക്കെതിരെയും സിംഗ് വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു.
‘രാഷ്ട്രത്തിനായി സ്വയം സമർപ്പിക്കേണ്ട സമയമാണിത്. 1947 ന് മുമ്പ് ജിന്ന ഒരു ഇസ്ലാമിക രാഷ്ട്രത്തിനായി സമ്മർദം ചെലുത്തി. നമ്മുടെ പൂർവികർക്ക് പറ്റിയ ഒരു വലിയ വീഴ്ചയ്ക്കുള്ള വിലയാണ് നമ്മളിപ്പോള്‍ നൽകുന്നത്. അന്നേ മുസ്ലീങ്ങളെ അവിടേക്ക് അയച്ച് ഹിന്ദുക്കളെ ഇവിടെ കൊണ്ടുവന്നിരുന്നുവെങ്കിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഭാരതീയർക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കിൽ പിന്നെ എവിടേക്കാണ് പോവുക ? ‘ – ഗിരിരാജ് സിംഗ് പറഞ്ഞു.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഷഹീന് ബാഗില്‍ നടക്കുന്ന സമരത്തിനെതിരെയും ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഷഹീന്‍ബാഗ് സമരക്കാര്‍ ഇന്ത്യക്കെതിരാണെന്നായിരുന്നു സിംഗിന്റെ ആരോപണം. ഒരു കൂട്ടം ചാവേറുകളുടെ സംഘം രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു.