കൊച്ചി: പ്രശസ്ത സംഗീതജ്ഞനും നടന്‍ മനോജ് കെ. ജയന്‍റെ പിതാവുമായ കെ.ജി. ജയൻ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങൾക്കും കെ.ജി. ജയന്‍ ഈണം പകർന്നു. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. 2019-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
സിനിമാ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി ചിത്രങ്ങള്‍ക്ക് ഈണം പകർന്നു. ധർമ്മശാസ്താ, നിറകുടം, സ്നേഹം , തെരുവുഗീതം തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നിട്ടുണ്ട് ജയവിജയ. 1988-ൽ സഹോദരന്‍ വിജയന്‍ അന്തരിച്ചു. സംഗീതകച്ചേരിക്കു ജയനൊപ്പം തൃശിനാപ്പള്ളിയിലേക്ക് ട്രെയിനിൽ പോകവേ ആയിരുന്നു ഇരട്ട സഹോദരൻ കെ.ജി. വിജയന്‍റെ ആകസ്‌മിക മരണം. ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യരിൽ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തിൽ ഗോപാലൻ തന്ത്രിയുടെ ഇരട്ട മക്കളാണ് ജയനും വിജയനും.
6–ാം വയസിൽ സംഗീത പഠനം തുടങ്ങിയ ജയൻ 10 –ാം വയസ്സിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽനിന്നു ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് ഫസ്റ്റ് ക്ലാസില്‍ വിജയിച്ചു. തുടർന്ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്‍റെ സ്കോളർഷിപ്പോടെ ഉപരിപഠനം. ഭാര്യ: പരേതയായ വി.കെ. സരോജിനി (മുൻ സ്‌കൂൾ അധ്യാപിക). മക്കൾ: ബിജു കെ. ജയൻ, നടൻ മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശാ മനോജ്.