‘കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണം, യുഡിഎഫ് വരണം’ ; പാച്ചേനിക്ക് വോട്ട് തേടി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും സഹോദരിമാർ

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനിക്ക് വോട്ട് തേടി പെരിയയിൽ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ ശരത് ലാലിൻ്റെയും, കൃപേഷിൻ്റെയും സഹോദരിമാർ. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ തങ്ങളെപോലുള്ള സഹോദരിമാരും അമ്മമാരും കണ്ണീര് കുടിക്കേണ്ടിവരുമെന്ന് സഹോദരിമാർ. സംസ്ഥാനത്താകമാനം ഭരണമാറ്റം ഉണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തനം ഓരോ അമ്മമാരില്‍ നിന്നും സഹോദരിമാരില്‍ നിന്നും ഉണ്ടാകണമെന്ന് കൃഷ്ണ പ്രിയയും, അമൃതയും കണ്ണൂരിൽ പറഞ്ഞു.

കാസർഗോഡ് പെരിയയിൽ സിപിഎം പ്രവർത്തകർ കൊല ചെയ്ത ശരത് ലാലിൻ്റെ സഹോദരി അമൃതയും കൃപേഷിൻ്റെ സഹോദരി കൃഷ്ണപ്രിയയുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണൂരിലെത്തിയത്. കണ്ണൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ കണ്ണൂർ ജവഹര്‍ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മഹിളാ സംഗമത്തില്‍ ഇരുവരും പങ്കെടുത്തു. എന്‍റെ അച്ഛന്‍ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ലഡുവാങ്ങി വിതരണം ചെയ്തിരുന്നു. പക്ഷെ എന്‍റെ ജ്യേഷ്ഠന്‍ ത്രിവര്‍ണപാതകയാണ് കൈയില്‍പിടിച്ചത്. അതുകൊണ്ടാണ് എന്‍റെ ജ്യേഷ്ഠന്‍റെ ജീവന്‍ അവരെടുത്തതെന്ന് കൃഷ്ണപ്രിയ പറഞ്ഞു.

തനിക്കും തന്‍റെ കുടുംബത്തിന്‍റെയും കണ്ണീര്‍ ഇനിയും തോര്‍ന്നില്ല. ഈ കണ്ണീര്‍ തോരണമെങ്കില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും മാറണം. സംസ്ഥാനത്താകമാനം ഭരണമാറ്റം ഉണ്ടാകുന്നതരത്തിലുള്ള പ്രവര്‍ത്തനം ഓരോ അമ്മമാരില്‍ നിന്നും സഹോദരിമാരില്‍ നിന്നും ഉണ്ടാകണമെന്നും സഹോദരിമാർ പറഞ്ഞു. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെയുള്ള വിധിയെഴുത്താകണം തിരഞ്ഞെടുപ്പിലുണ്ടാകേണ്ടതെന്ന് ശരത്‌ലാലിന്‍റെ സഹോദരി അമൃത ആവശ്യപ്പെട്ടു.

തങ്ങളുടെ സഹോദരങ്ങളായ ചെറുപ്പക്കാര്‍ മാത്രമല്ല. ഷുഹൈബിന്‍റെയും ഷുക്കൂറുള്‍പ്പെടെയുള്ളവരുടെ ചോര വീണ മണ്ണില്‍ ഇനിയും ചെറുപ്പക്കാര്‍ മരിച്ച് വീഴാതിരിക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തിന്‍റെ പടിയിലേക്ക് കയറിവരരുതെന്നും സഹോദരിമാർ കണ്ഠം ഇടറി കൊണ്ട് പറഞ്ഞു. മഹിളാ സംഗമം എഐസിസി അംഗവും മുന്‍ മേയറുമായ സുമാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി വിവിധ മഹിളാ കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Comments (0)
Add Comment