പിജിഡോക്ടറുടെ കൊലപാതകം: കര്‍ ആശുപത്രിയിൽ വൻ സംഘർഷം; സമരപ്പന്തലും, എമര്‍ജന്‍സി വാര്‍ഡും അടിച്ചുതകര്‍ത്തു

 

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വൻ സംഘർഷം. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു. പോലീസിനും പ്രതിഷേധക്കാർക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തിചാർജും പ്രയോഗിക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമത്തില്‍ രണ്ട് പോലീസ് വാഹനം തകര്‍ന്നു. ഒരു ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. അര്‍ധരാത്രിയോടെ നിരവധി പേരാണ് ആശുപത്രി പരിസരത്ത് തമ്പടിച്ചത്. രാത്രികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കണം എന്ന ആവശ്യത്തില്‍ ഊന്നിയായിരുന്നു പ്രതിഷേധം. കൊല്ലപ്പെട്ട ട്രെയിനി ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നു.

പുലർച്ചെ രണ്ട് മണിയോടെ ആശുപത്രിയിലെത്തിയ കൊൽക്കത്ത പോലീസ് മേധാവി വിനീത് ഗോയൽ, മാധ്യമങ്ങൾ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചു. പ്രതികളെ സംരക്ഷിച്ചിട്ടില്ലെന്നും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണത്തിന് ഉത്തരവാദികളായവരെ രാഷ്ട്രീയ ബന്ധം നോക്കാതെ, 24 മണിക്കൂറിനുള്ളിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് തൃണമൂൽ എംപി അഭിഷേക് ബാനർജി ആവശ്യപ്പെട്ടു.

Comments (0)
Add Comment