കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പോലീസ് ഇന്ന് കോടതിയെ അറിയിക്കും. യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പോലീസിന്റെ നീക്കം. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
നിലവില്‍ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പോലീസിന് മൊഴി നൽകി. അമ്മ വാതലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായെന്നും കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടുവെന്നും മൊഴിയില്‍ രേഖപ്പെടുത്തി. യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ 8.15നായിരുന്നു സംഭവം. കുഞ്ഞിന്റെ മൃതദേഹം പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നിന്നുമാണ് കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം താഴേക്ക് എറിഞ്ഞത് കണ്ടെത്തിയത്. ഫ്ലാറ്റിന്റെ വശത്തുള്ള മരങ്ങൾക്കിടയിലൂടെ കവർ താഴേക്കു പതിക്കുന്നതു സിസി ടിവിയിൽ പതിഞ്ഞിരുന്നു. സമീപത്തുള്ള ഫ്ലാറ്റില്‍ നിന്ന് കൊറിയർ കവറില്‍ പൊതിഞ്ഞ് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തി. ‘വംശിക’ എന്ന അപ്പാര്‍ട്ട്മെന്റിലെ ‘5സി’ ഫ്ലാറ്റിലാണ് രക്തക്കറ കണ്ടത്.