തിരുവനന്തപുരത്ത് യുവാക്കളെ തലയ്ക്കടിച്ച് കൊന്നു : പ്രതി കീഴടങ്ങി

Jaihind Webdesk
Sunday, August 15, 2021

തിരുവനനന്തപുരം : മാറനല്ലൂരിൽ യുവാവ് സുഹൃത്തുക്കളായ രണ്ടുപേരെ തലയ്ക്കടിച്ചുകൊന്നശേഷം പൊലീസിന് മുന്നിൽ കീഴടങ്ങി. മാറനല്ലൂർ മൂലക്കോണം ഇലംപ്ളാവിള വീട്ടിൽ ചപ്പാത്തി സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ്(41), മലവിള തടത്തരികത്ത് വീട്ടിൽ പക്രു എന്നറിയപ്പെടുന്ന സജീഷ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്. സന്തോഷിന്‍റെ ബന്ധു അരുൺ രാജ് എന്ന മുപ്പതുകാരനാണ് ഇരട്ട കൊലപാതകങ്ങൾ നടത്തിയത്. ഇയാൾ ഇന്ന് രാവിലെ ആറുമണിയോടെ പൊലീസിന് മുന്നിൽ കീഴടങ്ങി.

സന്തോഷിന്‍റെ  വീട്ടിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്. കഴിഞ്ഞദിവസം സന്തോഷിന്‍റെ ഭാര്യ മക്കളുമായി അവരുടെ വീട്ടിലേക്ക് പോയിരുന്നു. സന്തോഷും സജീഷും അരുൺ രാജും രാത്രിയോടെ സന്തോഷിന്റെ വീട്ടിലിരുന്ന് മദ്യപിച്ചു. ഇതിനിടെ പാറമടയിലെ പ്രശ്നത്തെച്ചൊല്ലി സന്തോഷും അരുൺരാജും തമ്മിൽ തർക്കമായി. കലികയറിയ സന്തോഷ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് അരുൺരാജിന്‍റെ കഴുത്തിൽ ചേർത്തുവച്ചു. സന്തോഷിന്റെ കൈതട്ടിമാറ്റിയ അരുൺരാജ് അടുത്തുകിടന്ന ജാക്കി ലിവർ കൊണ്ട് അയാളുടെ തലയ്ക്കടിച്ചു. ഇതുകണ്ട് തടസം പിടിക്കാനെത്തിയപ്പോഴാണ് സജീഷിന് അടിയേറ്റത്. ഇരുവരും ബോധരഹിതരായി വീണതോടെ അരുൺരാജ് സ്വന്തം വീട്ടിലേക്ക് പോയി.

ഇരുവരും മരിച്ചവിവരം ഒരു സുഹൃത്ത് വിളിച്ചറിയിച്ചതോടെയാണ് താൻ കീഴടങ്ങാനെത്തിയതെന്നാണ് അരുൺരാജ് പൊലീസിനോട് പറഞ്ഞത്.കൊലപാതകങ്ങൾക്കു പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്തുണ്ടായിരുന്ന ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ലതയാണ് സന്തോഷിന്റെ ഭാര്യ. രണ്ടുമക്കളുണ്ട്. സജീഷും അരുൺരാജും അവിവാഹിതരാണ്.