തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കാറിലെത്തിയ സംഘം അഖിലിനെ തലയ്ക്കടിച്ചും കല്ലുകൊണ്ട് ഇടിച്ചുമാണ് കൊലപ്പെടുത്തിയത്. പ്രതികൾ അഖിലിനെ ഇന്നോവ കാറില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
പെറ്റ് ഷോപ്പ് നടത്തിവരികയായിരുന്നു അഖിൽ. ഒരാഴ്ച മുമ്പ് ബാറിലുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചതെന്നാണ് വിവരം. കഴിഞ്ഞയാഴ്ച ബാറില്‍വെച്ച് അഖിലും കുറച്ചാളുകളുമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഹോളോബ്രിക്‌സ് അടക്കം അക്രമികള്‍ കാറില്‍ കരുതിയിരുന്നു. മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയ കൊലപാതകമാണെന്ന് പോലീസ് പറയുന്നത്.
ആക്രമണം നടക്കുമ്പോള്‍ കുട്ടികളടക്കം സ്ഥലത്തുണ്ടായിരുന്നു. പ്രതികളിലേക്കു നയിക്കുന്ന സൂചനകളൊന്നും നിലവില്‍ പോലീസിന് ലഭിച്ചിട്ടില്ല. സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം നടക്കുകയാണ്. കരമന അനന്തു വധക്കേസിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പോലീസ് സംശയിക്കുന്നു. പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.