പൊതുജനങ്ങളെ വഞ്ചിക്കരുത്; മൂന്നാറിലെ കൈയേറ്റ വിഷയങ്ങളില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം

Jaihind Webdesk
Wednesday, July 17, 2019

Kerala-High-Court

കൊച്ചി: കയ്യേറ്റ വിഷയങ്ങളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. മൂന്നാര്‍ കൈയേറ്റ വിഷയത്തിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. പുറമ്പോക്ക് ഭൂമി പതിച്ചുനല്‍കുന്നത് പൊതുതാല്‍പര്യം കണക്കിലെടുത്ത് വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലെങ്കില്‍ അത് ജനങ്ങളോടുള്ള വഞ്ചനയാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. മൂന്നാറില്‍ സര്‍ക്കാര്‍ കയ്യേറ്റം പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
മൂന്നാറില്‍ സര്‍ക്കാര്‍ കൈയേറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സര്‍ക്കാര്‍ കയ്യേറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും അനധികൃത നിര്‍മാണങ്ങള്‍ക്ക് എന്‍ഒസി നല്‍കുകയാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കുടിവെള്ള കണക്ഷനുകള്‍ നല്‍കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

എന്‍ഒസി നല്‍കിയതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. പ്രാഥമിക സൗകര്യങ്ങളായ കുടിവെള്ളവും വൈദ്യുതിയും നിഷേധിക്കാനാവില്ലന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിഷേധിച്ചാല്‍ അത് സുപ്രീം കോടതി വിധിയുടെ ലംഘനമാവുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് ബോധപൂര്‍വമായ വീഴ്ചയുണ്ടായി എന്നും ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനമുണ്ടായി. പതിനാല് ഉത്തരവുകള്‍ ഇറക്കിയിട്ടും ഒന്നു പോലും ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് നടപടിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഫ്‌ളക്‌സ് നിയന്ത്രണത്തിന് പരസ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.