മുനമ്പം മനുഷ്യക്കടത്ത്: 10 ഇടനിലക്കാരെ തിരിച്ചറിഞ്ഞു

Jaihind Webdesk
Sunday, January 20, 2019

മുനമ്പം മനുഷ്യക്കടത്തിൽ ഉൾപ്പെട്ടവർ ഗുരുവായൂരിലെ ലോഡ്ജുകളിൽ താമസിച്ചിരുന്നതായി വ്യക്തമായി. ശ്രീലങ്കൻ അഭയാർഥികൾ ഉൾപ്പെടെ 91 പേരാണ് ഗുരുവായൂരിൽ തങ്ങിയത്. അതേസമയം കേസിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. 10 ഇടനിലക്കാരെ തിരച്ചറിഞ്ഞു. മുഖ്യ ആസൂത്രകർ ശ്രീകാന്തും സെൽവനും എന്ന് പ്രഭുവിന്‍റെ മൊഴി.

ജനുവരി 5 നാണ് സംഘം ഗുരുവായൂരിൽ എത്തിയത്. ബസ് സ്റ്റാൻഡിന് സമീപമുള്ള മൂന്ന് ലോഡ്ജുകളിലാണ് ഇവർ താമസിച്ചത്. ക്ഷേത്രത്തിലെ ചില പൂജാ കർമങ്ങൾക്ക് എത്തിയതാണെന്നാണ് ഇവർ ലോഡ്ജ് ജീവനക്കാർക്ക് നൽകിയ വിവരം. തിരിച്ചറിയൽ രേഖയായി ശ്രീലങ്കൻ പാസ്പോർട്ടും നൽകിയിരുന്നു. സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഉൾപ്പെട്ടതായിരുന്നു സംഘം. ഗുരുവായൂരിൽ നിന്നും ചോറ്റാനിക്കരയിലേക്കും അവിടെ നിന്ന് ചെറായിയിലേക്കുമാണ് ഇവർ പോയത്. ചെറായിയിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച മുനമ്പത്തെത്തി പുലർച്ചെ ദയാ മാത ബോട്ടിൽ ന്യൂസിലൻഡ് ലക്ഷ്യമാക്കി കടന്നു എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്.

ഇവരോടൊപ്പം മറ്റ് സംഘാംഗങ്ങൾ അടക്കം 230 പേരാണ് യാത്ര പുറപ്പെട്ടത്. അതേ സമയം മനുഷ്യക്കടത്ത് കേസിൽ പിടിയിലായ രണ്ട് പേരെ ചോദ്യം ചെയ്തതിൽ നിന്നും ശ്രീകാന്ത്, സെൽവൻ എന്നിവരാണ് മുഖ്യ സൂത്രധാരർ എന്ന് വ്യക്തമായി. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.