മുനമ്പം ഹാര്‍ബറില്‍ നിന്ന് കുട്ടികള്‍ അടങ്ങുന്ന 43 അംഗ സംഘം കടല്‍ മാര്‍ഗം ആസ്ത്രേലിയയിലേക്ക് കടന്നത് സംസ്ഥാന ഇന്റലിജന്‍സ് സംവിധാനത്തിന്റെയും, ആഭ്യന്തര വകുപ്പിന്റെയും വീഴ്ച മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളം മനുഷ്യക്കടത്തിന്റെ പ്രധാനമാര്‍ഗമായി മാറിയിട്ട് കുറെ നാളുകളായി. ഡല്‍ഹിയില്‍ നിന്ന് കുട്ടികള്‍ അടങ്ങുന്ന 43 അംഗ സംഘം ചെന്നൈ വഴി കേരളത്തിലെത്തുകയും, ചെറായിയിലെ റിസോര്‍ട്ടുകളിലും, ലോഡ്ജുകളിലും ദിവസങ്ങളോളം മുറിയെടുത്ത് താമസിക്കുകയും ചെയ്തിട്ടും സംസ്ഥാന ഇന്റലിജന്‍സ് സംവിധാനം അറിയാത്തത് വന്‍ വീഴ്ചയും അനാസ്ഥയുമാണ്.
ഇതിന് മുമ്പും പലതവണ മുനമ്പം ഹാര്‍ബറിലൂടെ രാജ്യാന്തര മനുഷ്യക്കടത്ത് നടന്നിട്ടിട്ടുണ്ട്. രണ്ട് ബോട്ടുകളിലായി ഒരു മാസത്തേക്കുള്ള ഭക്ഷണവും വെള്ളവും ശേഖരിച്ചുകൊണ്ടാണ് ഈ സംഘം മുനമ്പത്ത് നിന്ന് യാത്ര തിരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന് കോടികളാണ് ചെലവിടുന്നത്. അവര്‍ എന്താണ് ചെയ്യുന്നത്? രാജ്യാന്തര മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ നിരന്തരം പുറത്ത് വന്നിരുന്നു. കൊച്ചി അടക്കമുള്ള സ്ഥലങ്ങളില്‍ ഇതിന്റെ കണ്ണികള്‍ സജീവമാണ്.
ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം അവിടെ നിന്നുള്ളവരെ ആസ്ത്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ എത്തിക്കാനുള്ള മനുഷ്യക്കടത്ത് സംഘങ്ങള്‍ ദക്ഷിണേന്ത്യയില്‍ വ്യാപകമാണ്. കേരളതീരത്ത് സുരക്ഷ താരതമ്യേനേ കുറവാണ് എന്ന വിശ്വാസമാണ് ഇവരെ മുനമ്പം പോലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ദിവസങ്ങളോളം ഇവര്‍ മുനമ്പത്തും പരിസര പ്രദേശങ്ങളിലും തങ്ങിയിട്ടും ലോക്കല്‍ പൊലീസും, ഇന്റലിജന്‍സും ഇതറിഞ്ഞില്ലെന്ന് പറയുന്നത് വലിയ അത്ഭുതമാണ്. ഇവര്‍ക്ക് ബോട്ടുള്‍പ്പെടെയുള്ള ഗതാഗത സൗകര്യങ്ങളും ഇന്ധനവും ഭക്ഷണവും നല്‍കിയവരെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവതരമായി അന്വേഷിക്കണമെന്നും ഏതെങ്കിലും ഉദ്യേഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.