മാണി സി കാപ്പന്‍ മൂന്നേകാല്‍ കോടി രൂപ വാങ്ങി കബളിപ്പിച്ചെന്ന് വ്യവസായി

Jaihind Webdesk
Thursday, September 19, 2019

കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മാണി സി കാപ്പന്‍ പണം വാങ്ങിയെന്ന് ആരോപിച്ച് മുംബൈ വ്യവസായി. മൂന്നേകാല്‍ കോടി രൂപ മാണി സി കാപ്പന്‍ വാങ്ങിയെന്നാരോപിച്ചാണ് മുംബൈ മേനന്‍ ഗ്രൂപ്പ് ഓഫ് കമ്പനി സിഎംഡി ദിനേശ് മേനോന്‍ രംഗത്തെത്തിയത്.

വാങ്ങിയ പണം മാണി സി കാപ്പന്‍ തിരികെ നല്‍കിയില്ലെന്നും ദിനേശ് മേനോന്‍ ആരോപിച്ചു. ഓഹരികള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപയാണ് മാണി സി കാപ്പന്‍ വാങ്ങിയത്. ഓഹരികള്‍ ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ പണം തിരികെ ചോദിച്ചു. തുടര്‍ന്ന് 25 ലക്ഷം രൂപ മാത്രമേ മാണി സി കാപ്പന്‍ മടക്കി നല്‍കിയുള്ളൂവെന്ന് ദിനേശ് മേനോന്‍ ആരോപിച്ചു. കൊച്ചിയില്‍ ദിനേശ് മേനോന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പണമിടപാടിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.

1996ല്‍ പോള്‍ ജോസഫ് എന്ന സുഹൃത്ത് വഴിയാണ് മാണി സി കാപ്പനെ പരിചയപ്പെട്ടത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങി നല്‍കാമെന്ന് ഏറ്റതിനെ തുടര്‍ന്ന് മകന്‍ വഴി മൂന്നര കോടി രൂപ 2012ല്‍ മാണി സി കാപ്പന് നല്‍കിയെന്ന് ദിനേശ് മേനോന്‍ വെളിപ്പെടുത്തി. 25 ലക്ഷം രൂപ നല്‍കിയതിന് പുറമെ മാണി സി കാപ്പന്‍ മൂന്നേകാല്‍ കോടി രൂപക്ക് നാല് ചെക്കുകള്‍ നല്‍കി. എന്നാല്‍, അവയെല്ലാം മടങ്ങിയെന്നും ദിനേശ് മേനോന്‍ ആരോപിച്ചു.

കുമരകത്ത് സ്ഥലം നല്‍കാമെന്ന് പറഞ്ഞെങ്കിലും ആ വാക്കും മാണി സി കാപ്പന്‍ പാലിച്ചില്ല. ആദ്യം സിബിഐയില്‍ മാണി സി കാപ്പനെതിരെ കേസ് നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ച ശേഷം പിന്നീട് മുംബൈ ബോറിവല്ലി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നാല് ക്രിമിനല്‍ കേസുകള്‍ നല്‍കിയെന്നും ദിനേശ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. കുമരകത്ത് മാണി സി കാപ്പന്‍ നല്‍കാമെന്ന് ഏറ്റിരുന്ന സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആ വസ്തു നേരത്തെ തന്നെ പണയം വെച്ച് 75 ലക്ഷം രൂപ വായ്പ എടുത്തതായി കണ്ടെത്തി.

കാപ്പനെതിരെ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് ദിനേശ് മേനോന്‍ വ്യക്തമാക്കി. 2013 മാര്‍ച്ച് 18ന് മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മൊഴിയില്‍ പോള്‍ ജോസഫാണ് തനിക്ക് ദിനേശ് മേനോനെ പരിചയപ്പെടുത്തി നല്‍കിയതെന്ന് പറയുന്നു. എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ പരിചയപ്പെടണമെന്നായിരുന്നു വ്യവസായിയായ ദിനേശ് മേനോന്റെ ആവശ്യം.

പിന്നീട്, കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വിറ്റ് തുടങ്ങിയപ്പോള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും മകന്‍ ബിനീഷ് കോടിയേരിയേയും പരിചയപ്പെടണമെന്ന് ദിനേശ് മേനോന്‍ ആവശ്യപ്പെട്ടു. താന്‍ അവരെ പരിചയപ്പെടുത്തി നല്‍കിയെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട്, ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിനേശ് മേനോന്‍ കണ്ണൂര്‍ വിമാനത്താവള ഓഹരികള്‍ക്കായി പണം മുടക്കിയ വിവരം താന്‍ അറിഞ്ഞത്.
ദിനേശ് മേനോന്റെ കമ്പനികള്‍ക്ക് ആദ്യം ഓഹരികള്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് അവ റദ്ദാക്കിയതായി കണ്ടെത്തിയെന്നും കാപ്പന്‍ പറഞ്ഞു. ഓഹരികള്‍ക്കായി മുടക്കിയ പണം മടക്കി നല്‍കുന്നത് സംബന്ധിച്ച് അതുമായി ബന്ധപ്പെട്ടവരോട് താന്‍ സംസാരിക്കാമെന്ന് ഏറ്റെങ്കിലും അടിയന്തരമായി ഹൃദയ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നെന്നും തുടര്‍ന്ന് മാസങ്ങള്‍ വിശ്രമത്തിലായിരുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു. എന്നാല്‍, പണം തിരികെ കിട്ടാതിരുന്നതിനെ തുടര്‍ന്ന് ദിനേശ് മേനോന്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.