ഐഎസ്എല്‍ : മുംബൈ സിറ്റി എഫ്‌സിയെ സമനിലയിൽ തളച്ച് ജംഷദ്പൂർ എഫ്‌സി

Jaihind News Bureau
Tuesday, December 15, 2020

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സിയെ സമനിലയിൽ തളച്ച് ജംഷദ്പൂർ എഫ്‌സി. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ഇന്ന് ഹൈദ്രാബാദും ഈസ്റ്റ് ബംഗാളും തമ്മിലാണ് മത്സരം.

ഒമ്പതാം മിനിറ്റിൽ സൂപ്പർ താരം വാൽസ്‌കിസിലൂടെ ജംഷദ്പൂരാണ് മത്സരത്തിൽ മുന്നിലെത്തിയത്. ഓഗ്ബച്ചെയുടെ കാലിൽ നിന്നും പന്ത് തട്ടിയെടുത്ത് മുന്നിലേക്ക് കുതിച്ച ജാക്കിചന്ദ് സിങ് ബോക്‌സിനുള്ളിൽ സ്‌ക്വയർ ചെയ്ത് വാൽസ്‌കിസിന് നൽകി. വാൽസ്‌കിസിന്റെ ഷോട്ട് ലക്ഷ്യം പിഴയ്ക്കാതെ വലയിലേക്ക്. അഞ്ച് മിനിറ്റിന് ശേഷം മുംബൈയെ ഓഗ്ബച്ചെ ഒപ്പമെത്തിച്ചു. ബിപിന്‍റെ അസിസ്റ്റിലായിരുന്നു ഫ്രഞ്ച് താരത്തിന്‍റെ ഗോൾ.

28-ാം മിനിറ്റിൽ രണ്ടാം യെല്ലോ കാർഡും കണ്ടതോടെ എയ്റ്റൻ മൻറോയ് പുറത്തായി. ഇതോടെ ജംഷദ്പൂർ പതുങ്ങി. 28-ാം മിനിറ്റിൽ പത്ത് പേരായി ചുരുങ്ങിയെങ്കിലും മുംബൈയെ പ്രതിരോധിക്കുന്നതിൽ വിജയിച്ച ജംഷദ്പൂർ സമനില പിടിക്കുകയായിരുന്നു. കിട്ടിയ അവസരങ്ങളിൽ ജംഷദ്പൂരും തിരിച്ചടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഇതോടെ മത്സരം 1-1ന് സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു.