ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ആസ്തി 441 കോടിയിലേറെ; അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതി

Jaihind Webdesk
Thursday, October 3, 2019

മുംബൈ:  മുംബൈ ബി.ജെ.പി അധ്യക്ഷന്‍ മംഗള്‍ പ്രഭാത് ലോധയുടെ ആസ്തി 441 കോടി രൂപ. മുംബൈയിലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മുംബൈയിലെ മലബാർ ഹിൽ സീറ്റിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് മംഗള്‍ പ്രഭാത് ലോധ. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ലോധ സ്വത്ത് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

63 കാരനായ ലോധ തുടർച്ചയായ ആറാം തവണയാണ് മത്സരിക്കുന്നത്. ലോധ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് അദ്ദേഹത്തിനും ഭാര്യക്കും 252 കോടി രൂപയുടെസ്ഥാവര സ്വത്തുക്കളും 189 കോടി രൂപയുടെ ജംഗമ സ്വത്തുക്കളുമുണ്ട്. 14 ലക്ഷം രൂപ വിലവരുന്ന കാറും ലോധയ്ക്കുണ്ട്. ബോണ്ടുകളായും ഷെയറുകളായുമാണ് ബാക്കി സ്വത്തുകള്‍.  റിയൽ എസ്റ്റേറ്റ് ബിസിനസിലുള്ള ലോധയുടെ കുടുംബത്തിന് തെക്കൻ മുംബൈയിൽ അഞ്ച് അപ്പാർട്ടുമെന്‍റുകളും രാജസ്ഥാനിൽ ഒരു പ്ലോട്ടും ഉണ്ട്. മലബാർ ഹില്ലിലെ വീടിന് പുറമെ തെക്കൻ മുംബൈയിൽ മറ്റൊരു ഫ്ലാറ്റും ലോധയ്ക്കുണ്ട്. 283 കോടി രൂപയുടെ ബാധ്യതയാണ് ലോധയ്ക്കുള്ളതെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ലോധയെന്ന് സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുന്നു. ഈ കേസുകള്‍ ഇനിയും തീർപ്പാക്കിയിട്ടില്ല. ഒക്ടോബർ 21 നാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍  ഒക്ടോബർ 24 ന് നടക്കും.