മുല്ലപ്പെരിയാറില്‍ സര്‍ക്കാരിന് താക്കീതായി കോണ്‍ഗ്രസിന്‍റെ മനുഷ്യച്ചങ്ങല; പുതിയ ഡാം വരുന്നതുവരെ സമരമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, November 21, 2021

ഇടുക്കി : മുല്ലപ്പെരിയാർ വിഷയത്തിലെ സർക്കാർ നിലപാടിനെതിരെ ഇടുക്കിയിൽ ശക്തമായ പ്രതിഷേധമുയർത്തി കോൺഗ്രസ്. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യമുയർത്തി നടത്തിയ പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. ഇടുക്കി വണ്ടിപ്പെരിയാറിൽ ഡിസിസിയുടെ നേതൃത്വത്തിൽ തീര്‍ത്ത മനുഷ്യച്ചങ്ങല സർക്കാരിന്‍റെ തെറ്റായ നിലപാടുകള്‍ക്കെതിരായ ശക്തമായ താക്കീതായി.

മുല്ലപ്പെരിയാർ പുതിയ ഡാം ഉണ്ടാകുന്നത് വരെ കോൺഗ്രസ് സമരം തുടരുമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പറഞ്ഞു. മുല്ലപ്പെരിയാർ വിവാദങ്ങളിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹം ആണ്. മുല്ലപ്പെരിയാർ ആശങ്കയില്ല എന്ന് പറയാൻ മുഖ്യമന്ത്രി പരിസ്‌ഥിതി ശാസ്ത്രജ്ഞൻ ആണോയെന്ന് അദ്ദേഹം ചോദിച്ചു. അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഡാം സുരക്ഷിതമെന്ന് മുഖ്യമന്ത്രി പറയുന്നത് എന്ത് രേഖയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് ആശങ്ക ഇല്ലായിരിക്കാം, പക്ഷെ ജനങ്ങൾക്ക് ആശങ്ക ഉണ്ട്. കെ റയിൽ പോലെ ആവശ്യം ഇല്ലാത്ത പദ്ധതിക്ക് പണം മുടക്കുന്ന സർക്കാർ പുതിയ ഡാമിനുവേണ്ടി പണം നീക്കി വെക്കാന്‍ തയാറാകണം. ഡാം പണിയാൻ പണം അനുവദിക്കാൻ തടസം എന്തെന്ന് സിപിഎം നേതാക്കൾ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലക്കയറ്റം തടയാനും ഇന്ധന വില കുറക്കാനും തയാറാകാത്ത സർക്കാരിനെ ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മാറുന്ന നിലപാടുള്ളവരാണ് ഭീഷണിയാകുന്നത്. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് സമരം ചെയ്തത് മറന്നുപോയോ എന്ന് അദ്ദേഹം ചോദിച്ചു.  മുഖ്യമന്ത്രി ജനങ്ങൾക്ക് ഭീഷണി ആണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു. വണ്ടിപ്പെരിയാറിൽ നടന്ന മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് എത്തിച്ചേർന്നത്. സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ചെത്തിയവർ നൽകിയത് പിണറായി സർക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി.

കാലപ്പഴക്കവും ചോർച്ചയും ബലഹീനതയുമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് പുതുക്കി പണിയണമെന്നും ബേബി ഡാമിന്‍റെ സമീപത്തെ മരം മുറിക്കാൻ ഉത്തരവ് നൽകിയ പിണറായി സർക്കാരിന്‍റെ ജനങ്ങളോടുള്ള വെല്ലുവിളിയിലും പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ സമരം. വന്‍ പ്രതിഷേധത്തിനാണ് ഇടുക്കി സാക്ഷ്യം വഹിച്ചത്.