കേസുകള്‍ പിന്‍വലിക്കുന്നത് ഗത്യന്തരമില്ലാതെ ; പൊതുസമൂഹത്തിന്‍റെ വിജയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനം, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകള്‍ വൈകിയെങ്കിലും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായത് കേരളീയ പൊതുസമൂഹത്തിന്‍റെ വിജയമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയം, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ മുഴുവന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നതാണ്.

നാമജപഘോഷയാത്രയില്‍ പങ്കെടുത്തതിന്‍റെ പേരില്‍ വീട്ടമ്മമാരുള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികളുടെ പേരിലാണ് സര്‍ക്കാര്‍ കേസെടുത്തത്. ഇത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസും എന്‍.എസ്.എസ് പോലുള്ള സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കാന്‍ തയാറായില്ല. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടി ലഭിക്കുന്ന തിരിച്ചറിവില്‍ നിന്നാണ് ഒടുവില്‍ ഇപ്പോള്‍ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.  സര്‍ക്കാര്‍ നടപടി ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തതാണെന്നും അധികാരത്തില്‍ എത്തിയാല്‍ ഈ കേസുകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടുകളാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയത്. വിശ്വാസ സംരക്ഷണത്തിനും സര്‍ക്കാരിന്‍റെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ചുമാണ് വിശ്വാസികളും പൊതുസമൂഹവും സമാധാനപരമായി തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രതികാരനടപടികളുടെ ഭാഗമായി വിശ്വാസികള്‍ക്ക് എതിരെ സംസ്ഥാന വ്യാപകമായി കേസെടുക്കുകയായിരുന്നു കേരള സര്‍ക്കാര്‍. സകല നിയമ വ്യവസ്ഥകള്‍ക്കും വിരുദ്ധമായി നിയമം കൈയിലെടുത്താണ് വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തത്. മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശിയാണ് എല്ലാത്തിനും ആധാരമായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേസ് പിന്‍വലിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ വൈകിവന്ന വിവേകമാണ്. മുഖ്യമന്ത്രി തുടര്‍ച്ചയായി തലതിരിഞ്ഞ നിലപാടുകളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരുമ്പോള്‍ മുട്ടുമടക്കി സ്വയം പരിഹാസ്യനാവുകയും ചെയ്യും. തെറ്റുതുറന്ന് സമ്മതിക്കാനും അത് തിരുത്താനും മുഖ്യമന്ത്രി ഒരിക്കലും തയാറാകില്ല. തന്‍റെ നിലപാട് മാത്രമാണ് ശരിയെന്ന കടുംപിടിത്തമാണ് ആദ്യം മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇത് ഉത്തരവാദിത്തപ്പെട്ട പദവി വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഭൂഷണമല്ല.

പതിനായിരക്കണക്കിന് കേസുകളാണ് ഈ സര്‍ക്കാര്‍ വന്ന ശേഷം പൊതുജനങ്ങളുടെ പേരില്‍ അകാരണമായി ചുമത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളുടെ പേരിലും സമാനരീതിയില്‍ നിരവധി കേസുകള്‍ എടുത്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗം കേസുകളും രാഷ്ട്രീയ വിവേചനത്തിന്‍റെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയ അന്ധതയുടെ പേരിലാണ് ഇത്തരം കേസുകള്‍ എടുക്കുന്നത്. ഭരിക്കുന്നവര്‍ക്ക് ഒരു നീതിയും എതിര്‍ക്കുന്നവര്‍ക്ക് മറ്റൊരു നീതിയുമാണ് ഈ സര്‍ക്കാര്‍ നടപ്പാക്കുന്നത്. മന്ത്രിമാര്‍ നടത്തുന്ന അദാലത്തുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നാല്‍ കണ്ണടയ്ക്കുന്ന മുഖ്യമന്ത്രിയാണ് പൊതുജനങ്ങളെ അനാവശ്യ കേസുകളില്‍ കുടുക്കി വലിയ തുക പിഴചുമത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment