സ്വര്‍ണ്ണകള്ളക്കടത്ത്:എന്‍.ഐ.എ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു; അഴിമതിയും അന്താരാഷ്ട്രമാനവുമുള്ളതിനാല്‍ സി.ബി.ഐയും റോയും അന്വേഷിക്കുന്നത് കൂറേക്കൂടി ഉചിതം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, July 9, 2020

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതേ ആവശ്യം ഉന്നയിച്ച് താന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

എന്‍.ഐ.എ അന്വേഷണത്തില്‍ മാത്രം ഇത് ചുരുക്കുന്നതില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തനല്ല. ഈ സ്വര്‍ണ്ണക്കടത്തിന് പിന്നിലെ അഴിമതി പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐയും അന്താരാഷ്ട്രമാനമുള്ളതിനാല്‍ റോയും അന്വേഷിക്കുന്നതാണ് കൂറേക്കൂടി ഉചിതം. എന്‍.ഐ.എ അന്വേഷണത്തിന് പുറമേ സി.ബി.ഐ, റോ എന്നീ അന്വേഷണങ്ങള്‍ കൂടി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും തയ്യാറാകണം.

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ റാക്കറ്റുമായി കസ്റ്റംസിലെ ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ട്. രാജ്യത്തിന്റെ സുരക്ഷയേയും യു.എ.ഇയുമായുള്ള സുഹൃദ് ബന്ധത്തേയും ബാധിക്കുന്ന വിഷയമാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥ കള്ളക്കടത്ത് സംഘത്തിന്‍റെ തണലില്‍ വളരാന്‍ അനുവദിച്ചുകൂടായെന്നും മുല്ലപ്പള്ളി പറഞ്ഞു.